ജക്കാർത്ത: ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ജോക്കോ വിഡൊഡൊയെ വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുത്തു. 2014-ല്‍ വിഡൊഡെക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്ന റിട്ടേഡ് ജനറല്‍ പ്രഭോവോ സുബിയന്‍റോ ആയിരുന്നു എതിരാളി. തെരഞ്ഞെടുപ്പിൽ ജോക്കോ വിഡൊഡൊ 55.5 ശതമാനം വോട്ടുകള്‍ നേടിയാണ് വിജയിച്ചത്. പ്രഭോവോ സുബിയന്‍റോയ്ക്ക് 44.5 ശതമാനം വോട്ടുകളാണ് ലഭിച്ചത്.
കഴിഞ്ഞ മാസം 17 നാണ് തെരഞ്ഞെടുപ്പ് നടന്നത്. പത്തൊമ്പ് കോടിയോളം ജനങ്ങളാണ് ഇന്തോഷ്യയിൽ വിധിയെഴുതിയത്. വിജയവുമായി ബന്ധപ്പെട്ട് വിഡോയോയോ പാര്‍ട്ടിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാരോപിച്ച് പ്രഭോവോ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ യാതൊരുവിധ ക്രമക്കേടുകളും നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മിഷൻ എല്ലാ ആരോപണങ്ങളും തള്ളിക്കളയുകയായിരുന്നു. എന്നാൽ കള്ളവും അനീതിയും നടന്ന തെരഞ്ഞെടുപ്പിൽ പരാജയം അംഗീകരിക്കാൻ തയാറല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷം രംഗത്തെത്തി.
കടുത്ത പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തുടനീളം കനത്ത സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയേക്കാമെന്ന് പ്രഭോവോ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ മേയ് 28-ന് വിധി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും കോടതി നിർദേശിച്ചിരുന്നു. 2014-ലെ തെരഞ്ഞെടുപ്പിലും ജോക്കോ വിഡൊഡൊയോട് പരാജയപ്പെട്ട പ്രഭോവോ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ, അന്ന് അദ്ദേഹത്തിന്‍റെ വാദങ്ങള്‍ കോടതി തള്ളിക്കളയുകയായിരുന്നു.