ഹോങ്കോംഗ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്‌ഡൗണിനൊരുങ്ങി ഹോങ്കോംഗ് സർക്കാർ. തിങ്കളാഴ്‌ച ലോക്‌ഡൗൺ നടത്താനാണ് ഉദ്ദേശിക്കുന്നത്. ചീഫ് സെക്രട്ടറി മാത്യു ച്യൂങ് കിൻ-ചുങാണ് ഈ വിവരം അറിയിച്ചത്. ജനസാന്ദ്രത കൂടുതലുള്ള ജില്ലകളിലൊന്നിലാണ് ലോക്‌ഡൗണ്‍ നടത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൗ സിം മോങ് പ്രദേശത്ത് താമസിക്കുന്ന പതിനായിരത്തോളം പേർക്ക് ഈ വാരാന്ത്യം കൊറോണ വൈറസ് സ്ക്രീനിംഗ് പൂർത്തിയാക്കാനും അധികൃതർ തീരുമാനിച്ചിരുന്നു. ഞായറാഴ്‌ച ലഭിക്കുന്ന പ്രാഥമിക ഫലങ്ങൾ അനുകൂലമാണെങ്കിൽ തിങ്കളാഴ്‌ചത്തെ നിയന്ത്രണങ്ങൾ നീക്കാൻ സാധിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നിയന്ത്രിത മേഖലയിലെ ജനങ്ങളെ മൊബൈൽ സ്ക്രീനിംഗ് സ്‌റ്റേഷനുകളിലേക്ക് അയക്കുന്നതിനായി അധികൃതർ പ്രദേശത്തെ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപിച്ചു കൊണ്ടിരിക്കുന്ന ഹോങ്കോംഗിൽ 700ലധികം പേർ ആശുപത്രിയിലാണ്. 38 പേർ ഗുരുതരാവസ്ഥയിലും. ഇതുവരെ ഹോങ്കോംഗിൽ പതിനായിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 168 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.