ഹോങ്കോങ്: ജനാധിപത്യ പ്രക്ഷോഭം അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിഷേധം കടുക്കുന്നു. ഹോങ്കോങ് നഗര ഭരണസമിതിയിൽ അംഗങ്ങളായ മൂന്ന് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും പ്രക്ഷോഭകരെ പൊലീസ് വിരട്ടിയോടിക്കുന്നതിനിടെ ഒരു വിദ്യാർഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തീരുമാനം. ഇന്ന് ഷോപ്പിങ് മാളുകൾ അടക്കം സാധ്യമായിടത്തെല്ലാം പ്രതിഷേധ റാലികളും പൊതുപണിമുടക്കും നടത്തും. പൊതുഗതാഗതം തടയുവാനും പ്രക്ഷോഭകര്‍ തീരുമാനിച്ചു.
കഴിഞ്ഞ അഞ്ച് മാസമായി എല്ലാ ശനിയാഴ്ചകളിലും പ്രതിഷേധ റാലികൾ നടക്കുന്നുണ്ട്. ബർലിൻ മതിൽ തകർത്തതിന്‍റെ മുപ്പതാം വാർഷികം ശനിയാഴ്ച ആഘോഷിക്കാനിരുന്നതാണെങ്കിലും പ്രക്ഷോഭം കനത്തതോടെ മാറ്റിവച്ചു. പകരം ‘രക്തസാക്ഷികൾക്ക് അഭിവാദ്യം' എന്ന പേരിലായിരുന്നു പ്രതിഷേധം. ഇതിന് പതിവിന് വിപരീതമായി പൊലീസ് അനുമതിയും ലഭിച്ചിരുന്നു.
തിങ്കളാഴ്ച പ്രക്ഷോഭകരെ വിരട്ടിയോടിക്കുന്നതിനിടെയാണ് അലക്സ് ചൗ എന്ന വിദ്യാർഥി കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. വിദ്യാര്‍ഥിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സമരക്കാർ നടത്തിയ പ്രകടനം പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് കലാശിച്ചത്. ഹോങ്കോങിൽ നിന്നുള്ള കുറ്റാരോപിതരെ ചൈനയ്ക്ക് കൈമാറാനുള്ള ബിൽ കഴിഞ്ഞ മേയിൽ അവതരിപ്പിച്ചപ്പോൾ തടസപ്പെടുത്തിയെന്ന കുറ്റം ചാർത്തിയാണ് ജനപ്രതിനിധികളെ അറസ്റ്റ് ചെയ്തത്. ഒരു വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. ഇതേ കുറ്റത്തിന് മറ്റ് നാല് ജനപ്രതിനിധികളോടും പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.