ഹൈദരാബാദ്: ആഗോളത്തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,64,12,794 കടന്നു. ഇതില്‍ 1,00,42,362 പേര്‍ ഇതുവരെ രോഗമുക്തരായി. ലോകത്താകെ 6,52,039 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ദക്ഷിണ കൊറിയയില്‍ പുതിയതായി 25 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ദക്ഷിണ കൊറിയയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 14,175 ആയി. 299 കൊവിഡ് മരണങ്ങളാണ് രാജ്യത്താകെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ബാക്കിയുള്ള ഒമ്പത് പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന എട്ട് കേസുകള്‍ സിയോള്‍ നഗരത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്‌തത്. മെയ് മുതല്‍ നഗരത്തില്‍ വൈറസിന്‍റെ വ്യാപനം കണ്ടെത്തിയിരുന്നു. ഇറാഖില്‍ കുടുങ്ങിയ നൂറുകണക്കിന് നിര്‍മാണത്തൊഴിലാളികളെ തിരിച്ചെത്തിച്ചതായും അധികൃതര്‍ അറിയിച്ചു.