ഹോങ്കോങ്: ക്രിസ്മസ് രാത്രിയില്‍ ഹോങ്കോങില്‍ വീണ്ടും അക്രമം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. 25 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
പ്രതിഷേധം നടത്തിയവരെ പൊലീസ് കരുതല്‍ തടങ്കലില്‍ വെച്ചു. ഇതിനിടയില്‍ തടങ്കലില്‍ നിന്ന് ഒരാള്‍ ഓടി രക്ഷപ്പെട്ടു. ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും പ്രതിഷേധക്കാരെ പിരിച്ചു വിടാനും സുരക്ഷാ സേന ആവശ്യപ്പെട്ടിട്ടുണ്ട്. മോങ് കോക്ക് സബ്‌വേ സ്റ്റേഷന്‍റെ പ്രവേശന കവാടത്തിന് പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ ബാങ്കുകളുടെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പ്രതിഷേധം ഒരു ജനതയുടെ സാമൂഹ്യ ക്രമത്തെ മാറ്റിമറിക്കുന്നുവെന്നും ക്രിസ്മസിന്‍റെ ശോഭ കെടുത്തുന്നുവെന്നും ഹോങ്കോങ് സര്‍ക്കാര്‍ പറഞ്ഞു. ഈ പ്രവൃത്തി ക്രൂരമാണ്. വിവാദമായ സ്വാതന്ത്ര്യ കൈമാറ്റ ബില്‍ അവതരിപ്പിച്ചതിന് ശേഷം ജൂണ്‍ 9നാണ് ഹോങ്കോങ് തെരുവുകളില്‍ വലിയ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. പ്രതിഷേധത്തെത്തുടര്‍ന്ന് ബില്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഹോങ്കോങ് ശാന്തമായിട്ടേയില്ല. എന്നും പ്രതിഷേധത്തിന്‍റെ പുലരിയിലേക്കാണ് ഹോങ്കോങ് ജനത ഉറക്കമുണരുന്നത്.