ന്യൂഡൽഹി : ശ്രീലങ്കൻ തലസ്ഥാനമായ കൊളംബയിൽ നടന്ന സ്ഫോടന പരമ്പരയെ തുടർന്ന് ലങ്കയിൽ പ്രസിഡന്‍റ് മൈത്രിപാല സിരിസേന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഈസ്റ്റ് ദിനത്തിൽ നടന്ന സ്ഫോടനത്തിൽ ലങ്കൻ പ്രാദേശിക ഭീകാരസംഘടനയായ തൗഹീദ് ജമാത്തെന്ന് ലങ്കൻ സർക്കാർ. ശ്രീലങ്കൻ സർക്കാർ വക്താവായ രജിതാ സെനരാൻറെയാണ് ഇക്കാര്യം അറിയിച്ചത്.
സ്ഫോടന പരമ്പരയിൽ അഞ്ച് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്ന് വിദേശകാര്യവകുപ്പ് മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. കൊളംബോയിലെ ആശുപത്രിയിൽ നിന്ന് ലഭിച്ച വിവര പ്രകാരം ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് ,കെ ജി ഹനുമാന്തരയപ്പ , എം രംഗപ്പ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെകൂടാതെ മലയാളിയായ പി എസ് റസീനയും കൊല്ലപ്പെട്ടതായാണ് വിവരം. ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചെന്നും ആവശ്യമെങ്കിൽ മെഡിക്കൽ സേവനമുൾപ്പെടെ എല്ലാ സഹായങ്ങളും നൽകാൻ ഇന്ത്യ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതായി സുഷമ സ്വരാജ് പറഞ്ഞു.
ഭീകാരക്രമണത്തിന് പിന്നിലുള്ള തൗഹീദ് ജമാത്തിന് തമിഴ്നാട്ടിലും സ്വാധീനമുണ്ട്. കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ നടന്ന സഫോടനത്തിൽ 290 പേർ കൊല്ലപ്പെട്ടതായും 500ൽ അധികം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്ടുകൾ. പള്ളികളിലും ഹോട്ടലുകളിലുമായി എട്ടിടത്താണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ഇതുവരെ 24 പേർ അറസ്റ്റിലായെന്നും ലങ്കൻ പൊലീസ് അറിയിച്ചു. സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങൾക്ക് താല്‍ക്കാലികമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലങ്കയില്‍ നടന്ന സ്ഫോടന പരമ്പരകളെ കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ലങ്കൻ പൊലീസ് മേധാവിയും ഇന്‍റലിജൻസ് വിഭാഗവും സ്ഥിരീകരണം നടത്തിയിരുന്നു.