ഇസ്ലാമാബാദ്: പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ വിവാഹാലോചന നിരസിച്ചതിന് യുവതിയെ വെടിവച്ച് കൊന്നു. മുസ്ലീം പുരുഷന്‍റെ വിവാഹാലോചന ക്രിസ്‌ത്യനിയായ യുവതിയുടെ മാതാപിതാക്കൾ നിരസിച്ചിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊല്ലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഫൈസാൻ എന്ന കൂട്ടു പ്രതിയെ അറസ്റ്റ് ചെയ്തതായി കോറൽ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം പ്രധാന പ്രതിയായ ഷെഹ്സാദിനു വേണ്ടി തിരച്ചിൽ നടക്കുന്നതായി പൊലീസ് പറഞ്ഞു.
റാവൽപിണ്ടിയിലെ പഴയ എയർപോർട്ട് പ്രദേശത്തെ താമസക്കാരാണ് കൊല്ലപെട്ട സോണിയയും പ്രതികളും. ഷെഹ്സാദ് സോണിയെ വിവാഹം കഴിക്കാൻ താൽപര്യം അറിയിച്ചിരുന്നു, എന്നാൽ അന്യമതക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോട് വീട്ടുകാർക്കു താൽപര്യമില്ലായിരുന്നു. സോണിയക്ക് അവർ മറ്റൊരു വിവാഹവും നിശ്ചയിച്ചു. പ്രതിശ്രുത വരനൊപ്പം നിൽക്കുമ്പോഴാണ് ഷെഹസാദ് യുവതിക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ മാസം അർസു രാജ എന്ന ക്രിസ്‌ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മതംമാറ്റി 44ക്കാരൻ വിവാഹം കഴിച്ചിരുന്നു. അടുത്ത മാസങ്ങളിലായി ക്രൈസ്‌തവ സ്‌ത്രീകളെ ബലാൽസംഗം ചെയ്യുന്നതും, തട്ടിക്കൊണ്ടുപോകുന്നതും, നിർബന്ധിത വിവാഹം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ പാകിസ്ഥാനിൽ ഉയർന്നുവന്നിട്ടുണ്ട്. പലപ്പോഴും, തട്ടിക്കൊണ്ടുപോയ പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാകുന്നു.
പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്ക് സഹായം നൽകുന്ന അഭിഭാഷക ഗ്രൂപ്പായ ലീഗൽ ഇവാഞ്ചലിക്കൽ അസോസിയേഷൻ ഡെവലപ്‌മെന്റിന്റെ കണക്കനുസരിച്ച്, 28 ക്രിസ്ത്യൻ പെൺകുട്ടികൾ 2018 നവംബർ മുതൽ 2019 ജൂൺ വരെ പാകിസ്ഥാനിൽ തട്ടിക്കൊണ്ടുപോകൽ, പീഡനം, ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം, നിർബന്ധിത വിവാഹങ്ങൾ എന്നിവയ്ക്ക് ഇരയായി.