ബീജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1113 ആയി. എറ്റവുമൊടുവില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 1,113 പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. ബുധനാഴ്‌ച മാത്രം 94 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പുതുതായി 1,638 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 44,200 ആയി. വുഹാനിലെ മാംസമാര്‍ക്കറ്റില്‍ നിന്ന് കഴിഞ്ഞ ഡിസംബറിലാണ് രോഗവ്യാപനം ആരംഭിച്ചത്.
അതിനിടെ കൊറോണ വൈറസിന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ‘കൊവിഡ് 19’ എന്ന് പേര് നൽകി. കൊറോണ, വൈറസ്, ഡിസീസ് എന്നീ മൂന്ന് പദങ്ങളുടെ സംയോജനമാണ് ‘കൊവിഡ് 19’എന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്‌ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പല രാജ്യങ്ങളിലും കൊറോണ വൈറസിന് വിവിധ പേരുകളുള്ള സാഹചര്യത്തിൽ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പുതിയ നാമകരണമെന്നും അദ്ദേഹം പറഞ്ഞു.