ഇസ്‌ലാമാബാദ്: പാകിസ്ഥാനെ സഹായിക്കാൻ ചൈനയിൽ നിന്നും മെഡിക്കൽ സംഘം എത്തുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പാകിസ്ഥാനെ സഹായിക്കാൻ മെഡിക്കൽ ഉപകരണങ്ങളുമായി സംഘം ചൈനയിൽ നിന്ന് പുറപ്പെട്ട് കഴിഞ്ഞതായി പാകിസ്ഥാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
220 ദശലക്ഷം ജനസംഖ്യയുള്ള പാകിസ്ഥാനിൽ 1,321 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. പത്ത് മരണങ്ങളും നടന്നു. ഇറാനിൽ നിന്നും എത്തിയവർക്കാണ് കൂടുതലായും വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി, ചുമ തുടങ്ങിയ ചെറിയ ലക്ഷണങ്ങൾ മാത്രമെ ഉണ്ടാവുകയുള്ളൂ. ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കിൽ ജീവൻ തന്നെ നഷ്‌ടമാകും. ഇറാനിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 2,517 പേരാണ് ആകെ മരിച്ചത്, 35,408 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതത്തെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ലോക് ഡൗൺ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇതുവരെയും തയ്യാറായിട്ടില്ല. എന്നാൽ ഭക്ഷണശാലകൾ, പണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, വിവാഹ മണ്ഡപങ്ങൾ തുടങ്ങിയവ അടച്ചുകഴിഞ്ഞു. വൈറസ് വ്യാപനം തടയുന്നതിന് ഇറാനും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തികൾ പാകിസ്ഥാൻ അടച്ചത് വിവാദങ്ങൾക്ക് കാരണമായി. രാജ്യവ്യാപകമായി പള്ളികൾ അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടിട്ടില്ല. എന്നാൽ വെള്ളിയാഴ്‌ചകളിലുള്ള പ്രാർഥനയ്ക്ക് ഒത്തുകൂടരുതെന്ന് നിർദേശിച്ചിട്ടുണ്ട്. മതപരമായ കാര്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്താൻ പാകിസ്ഥാനിലെ അധികൃതർ ഇപ്പോഴും വിമുഖത കാട്ടുന്നു. തെക്കൻ സിന്ധ് പ്രവിശ്യയിലെ പള്ളികൾ അടയ്ക്കാതെയാണ് ലോക് ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. കിഴക്കൻ പഞ്ചാബ് പ്രവിശ്യയിൽ പലചരക്ക് കടകളും ഫാർമസികളും മാത്രം തുറന്നിരിക്കുന്നു.