ബീജിംഗ്: നിയന്ത്രണം നഷ്‌ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാര്‍ച്ച് 5ബിയുടെ ഭാഗങ്ങൾ ഭൂമിയിൽ പതിക്കുന്നതിന് മുമ്പ് തന്നെ കത്തി തീരാൻ ഇടയുണ്ടെന്ന് ചൈന. അതു കൊണ്ട് തന്നെ അത് ആളുകളുടെ ജീവന് ഭീക്ഷണയാകില്ലെന്നും ചൈന പറഞ്ഞു.
ഇത്തരത്തിലുള്ള റോക്കറ്റുകൽ ഒരു പ്രത്യേക സാങ്കേതിക രൂപകൽപ്പനയിലാണ് നിർമിക്കുന്നത്. അതുകൊണ്ട് തന്നെ അത് വീണ്ടും അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ കത്തി നശിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിംഗ് പറഞ്ഞു. ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്‍റെ പ്രധാന ഭാഗം അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുന്നുണ്ടോ എന്നത് ചൈന നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also read: ചൈനീസ് റോക്കറ്റ് എവിടെ വീഴും...? ഒഴിയാതെ ആശങ്ക!
ചൈനയുടെ ആദ്യത്തെ സ്ഥിരം ബഹിരാകാശ നിലയത്തിന്‍റെ പ്രധാന മൊഡ്യൂൾ ഭ്രമണപഥത്തിലേക്ക് എത്തിച്ച റോക്കറ്റിന്‍റെ ഏറ്റവും പ്രധാന ഭാഗം ശനിയാഴ്ച ഭൂമിയിലേക്ക് പതിക്കുമെന്ന് ശാസ്ത്രലോകം കണക്ക് കൂട്ടുന്നുണ്ട്. സാധാരണയായി ഉപയോഗം കഴിഞ്ഞ റോക്കറ്റുകളുടെ ഭാഗങ്ങൾ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ ഭ്രമണപഥത്തിലേക്ക് പോകാതെ ജലത്തിലേക്കാണ് പതിക്കുന്നത്.
അതേസമയം ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്‍റെ പ്രധാന ഭാഗം നിയന്ത്രിക്കപ്പെടുന്നുണ്ടോ അതോ നിയന്ത്രണാതീതമായാണോ അന്തരീക്ഷത്തിലേക്ക് എത്തുന്നതെന്ന് ചൈനയുടെ ബഹിരാകാശ ഏജൻസി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ കഴിഞ്ഞ മെയ് മാസത്തിൽ മറ്റൊരു ചൈനീസ് റോക്കറ്റ് ഇത്തരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് പശ്ചിമാഫ്രിക്കയിൽ അറ്റ്ലാന്‍റിക് സമുദ്രത്തിൽ പതിച്ചിരുന്നു.