ധാക്ക: വ്യവസായി തന്നെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണവുമായി പ്രമുഖ ബംഗ്ലാദേശ് ചലച്ചിത്ര നടി പോരി മോനി എന്നറിയപ്പെടുന്ന ഷംസുനഹർ സ്മൃതി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ച പോരി മോനി തനിക്ക് നീതി വാങ്ങി തരണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് പോസ്റ്റിൽ ആരോപണവിധേയനായ വ്യക്തിയുടെ പേര് വെളിപ്പെടുത്താതിരുന്ന നടി തുടർന്ന് നടത്തിയ പത്ര സമ്മേളനത്തിൽ ധാക്ക ബോട്ട് ക്ലബിന്‍റെ വിനോദ, സാംസ്കാരികകാര്യ സെക്രട്ടറി നസീർ യു മഹമൂദാണ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് വെളിപ്പെടുത്തി.
റിയൽ എസ്റ്റേറ്റ് വ്യവസായിയും ധാക്ക ബോട്ട് ക്ലബിന്‍റെ സ്ഥാപകാംഗവുമായ നസീർ നാല് ദിവസം മുൻപാണ് ക്ലബിൽ വച്ച് തന്നെ പീഡിപ്പിക്കാന ശ്രമിച്ചതെന്ന് ആരോപിച്ചു. എന്നാൽ ആരോപണത്തിൽ നസീർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: 'ലോകത്തോട് പ്രസംഗിക്കുന്നത് ഇവിടെ നടപ്പാക്കൂ' ; മോദിയെ പരിഹസിച്ച് ചിദംബരം
അക്രമണത്തിനു ശേഷം നിയമപാലകരുടെ സഹായം തേടിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ല എന്ന് മോനി പറഞ്ഞു. താൻ ഒരു സ്ത്രീയും അഭിനേത്രിയുമാണ്. എന്നാൽ അതിലുപരി താൻ ഒരു മനുഷ്യജീവിയാണെന്നും തനിക്ക് മൗനം പാലിക്കാൻ കഴിയില്ലെന്നും മോനി തന്‍റെ ഫേസ്ബുക്കിൽ പോസ്റ്റിൽ പറയുന്നു. എന്നാൽ മോനി പരാതിയുമായി ബന്ധപ്പെട്ടാൽ പരാതിയിന്മേൽ നടപടിയെടുക്കുമെന്ന് അസിസ്റ്റന്റ് ഐജി സോഹൽ റാണ പറഞ്ഞു.
2015ൽ സിനിമയിലേക്ക് എത്തിയ പോരി മോനി രണ്ട് ഡസനോളം ബംഗ്ളാദേശ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫോബ്‌സ് മാഗസിൻ ഏഷ്യയിലെ 100 ഡിജിറ്റൽ താരങ്ങളിൽ ഒരാളായി മോനിയെ തെരഞ്ഞെടുത്തിരുന്നു.