ജക്കാര്‍ത്ത: ഫിലിപ്പൈന്‍ ഭീകരവാദികള്‍ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയതായി ഇന്തോനേഷ്യ. തെക്കന്‍ ഫിലിപ്പൈന്‍സില്‍ അബു സയ്യഫ് ഭീകരവാദികള്‍ ആണ് തട്ടിക്കൊണ്ടു പോയത്.
ഫിലിപ്പൈന്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് ഇന്തോനേഷ്യ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. തോക്ക് ചൂണ്ടിയാണ് ക്യാപ്റ്റന്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഖേദം അറിയിക്കുന്നതായും ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമം തുടരുന്നതായി സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു.
നാലുമാസത്തോളം സുലു പ്രവിശ്യയിലെ തെക്കൻ കാടുകളിൽ അബു സയ്യഫ് തീവ്രവാദികളുടെ തടവിലായിരുന്ന ഇന്തോനേഷ്യക്കാരനായ മുഹമ്മദ് ഫർഹാനെ ഫിലിപ്പൈൻ സൈന്യം രക്ഷപ്പെടുത്തി ഒരു ദിവസത്തിന് ശേഷമാണ് വീണ്ടും അഞ്ച് പേരെ കൂടി തട്ടിക്കൊണ്ടു പോയത്.
2016 നും 2019 നും ഇടയിൽ 39 ഓളം ഇന്തോനേഷ്യക്കാരെ അബു സയ്യഫ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കിയിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതില്‍ ഒരാള്‍ മരിച്ചു. മറ്റുള്ളവരെ മോചിപ്പിക്കാന്‍ കഴിഞ്ഞു.