ധാക്ക: തെക്കൻ ബംഗ്ലാദേശിലെ സുഗന്ധ നദിയിൽ 800 യാത്രക്കാരുമായി പോയ ബോട്ടിന് തീപിടിച്ച് 41 പേർ മരിച്ചു. 150ഓളം പേർക്ക് പരിക്കേറ്റു. ധാക്കയിൽ ബർഗുണയിലേക്ക് പോയ മൂന്ന് നിലകളുള്ള എംവി അഭിജൻ -10 എന്ന ബോട്ടിനാണ് തീപിടിച്ചത്. വെള്ളിയാഴ്‌ച പുലർച്ചെയായിരുന്നു സംഭവം.
ബോട്ടിന്‍റെ എഞ്ചിൻ റൂമിലാണ് ആദ്യം തീപിടിത്തമുണ്ടായത്. സംഭവത്തിൽ ഒട്ടേറെ പേരെ കാണാതായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. തീപിടിത്തമുണ്ടായ സമയത്ത് തീയിൽ നിന്ന് രക്ഷപെടാൻ പുഴയിൽ ചാടി മുങ്ങിയും യാത്രക്കാർ മരിച്ചതായി അധികൃതർ വ്യക്തമാക്കി. രേഖകൾ പ്രകാരം 310 യാത്രക്കാരാണ് ബോട്ടിൽ യാത്ര ചെയ്യേണ്ടിയിരുന്നത്. എന്നാൽ 800ഓളം യാത്രക്കാരാണ് യാത്ര ചെയ്‌തത്.
ബോട്ടിൽ പരിധിയിൽ കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് അപകടത്തിനിടയാക്കി എന്ന ആരോപണം ഉയരുന്നുണ്ട്. അപകടത്തിൽപ്പെട്ടവരുടെ യഥാർഥ കണക്ക് കണ്ടെത്താൻ ഔദ്യോഗിക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ബാരിഷാൽ ജില്ല ഡെപ്യൂട്ടി കമ്മിഷണർ പറഞ്ഞു.
അപകടത്തിൽ പരിക്കേറ്റവരിൽ 70 പേർ ഷേർ-ഇ-ബംഗ്ലാ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് നദികളുടെ സംഗമസ്ഥാനത്ത് അപകടമുണ്ടായതിനാൽ തീരദേശ സേനയും അഗ്നിശമനസേനയും പൊലീസും ചേർന്ന് നദികളിൽ തെരച്ചിൽ ആരംഭിച്ചു.