കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ അടിയന്തരമായി മാനുഷിക സഹായം ആവശ്യമുള്ള ഒരു കോടി കുട്ടികളുണ്ടെന്ന് യൂനിസെഫ്. രാജ്യത്ത് ഭക്ഷണവും കുടിവെള്ളവും മരുന്നും ഉള്‍പ്പെടെയുള്ള പ്രാഥമിക ആവശ്യങ്ങള്‍ പോലും ലഭിക്കാത്ത കുട്ടികളുണ്ടെന്നും ഇത് മൂലം പല കുട്ടികളും പോഷകാഹാര കുറവ് നേരിടുകയാണെന്നും അഫ്‌ഗാസ്ഥാനിലെ യൂനിസെഫ് പ്രതിനിധി സാം മോർട്ട് പറഞ്ഞു.
പലായനം ചെയ്യുന്ന കുടുംബങ്ങള്‍ക്ക് കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് അഫ്‌ഗാന്‍ മാധ്യമമായ ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമമുണ്ടെന്നും അടിയന്തരമായി സഹായം എത്തിച്ചില്ലെങ്കില്‍ പത്ത് ലക്ഷം കുട്ടികള്‍ പട്ടിണി മൂലം മരണപ്പെടുമെന്ന് ഐക്യരാഷ്‌ട്രസഭ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ അഫ്‌ഗാനിസ്ഥാനിലെ അഞ്ച് വയസിന് താഴെയുള്ള പത്ത് ലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് നേരിടുമെന്നാണ് യൂനിസെഫ് നല്‍കുന്ന മുന്നറിയിപ്പ്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം കഴിഞ്ഞ മാസം വർധിച്ചതായി ഡോക്‌ടർമാരും പറയുന്നു.
അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ വലിയൊരു മാനുഷിക പ്രതിസന്ധിയ്ക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ബാലാവകാശ പ്രവർത്തക സർഖ യഫ്‌താലി വ്യക്തമാക്കി.
Also read: അഫ്‌ഗാൻ വിഷയം; എസ്‌സിഒയിൽ വിദേശകാര്യ മന്ത്രിമാരുമായി എസ് ജയ്‌ശങ്കർ കൂടിക്കാഴ്‌ച നടത്തി