വാഷിങ്ടണ്‍: യുഎസില്‍ ഗര്‍ഭാവസ്ഥയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവതിക്ക് കൊവിഡ് ആന്‍റിബോഡിയുമായി നവജാത ശിശു പിറന്നു. 36 ആഴ്‌ചയും മൂന്ന് ദിവസവമുള്ളപ്പോഴാണ് ഗര്‍ഭിണിയായ അമ്മക്ക് മേഡേര്‍ണ എംആര്‍എന്‍എ വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയത്. മൂന്ന് ആഴ്‌ചക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായ കുഞ്ഞിന് യുവതി ജന്മം നല്‍കുകയും ചെയ്‌തു. കൊറോണ വൈറസിനെതിരായ ആന്‍റിബോഡി കുഞ്ഞിന്‍റെ ശരീരത്തില്‍ കണ്ടെത്തിയതായി മെഡ്കൈവ് ഇന്‍റര്‍നെറ്റ് മാഗസിനില്‍ പോസ്റ്റ് ചെയ്‌ത പഠനത്തില്‍ പറയുന്നു.
ഫ്ലോറിഡ അറ്റ്ലാന്‍റിക് സര്‍വകാലശാലയില്‍ നിന്നുള്ള ശിശുരോഗ വിദഗ്‌ധരായ പോള്‍ ഗില്‍ബര്‍ട്ട്, ചാഡ് റുഡ്‌നിക് എന്നിവരുടേതാണ് പഠന റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം രണ്ടാം ഡോസ് 28 ദിവസത്തിന് ശേഷം നല്‍കിയതായി ഡോക്‌ടര്‍മാര്‍ പറയുന്നു. കൊവിഡ് മുക്തരായ അമ്മമാരില്‍ നിന്നും പ്ലാസന്‍റ വഴി കുഞ്ഞിലേക്ക് ആന്‍റിബോഡികളെത്തുന്നത് പ്രതീക്ഷിച്ചതിലും കുറവാണെന്ന് നേരത്തെയുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. എന്നാല്‍ നിലവിലെ പഠനം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ആന്‍റിബോഡികളുടെ പ്രതികരണവും, ഗര്‍ഭിണികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനുള്ള ഉചിതമായ സമയവും ഇനിയും വ്യക്തമായിട്ടില്ലെന്നും കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു.