ന്യൂയോര്‍ക്ക് (അമേരിക്ക): ന്യൂയോര്‍ക്ക് ടൈംസ്, വാഷിംങ്ടണ്‍ പോസ്‌റ്റ് എന്നീ പത്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിരോധിക്കാന്‍ ആലോചിക്കുന്നതായി വൈറ്റ് ഹൗസ്. വര്‍ഷങ്ങളായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും പത്രങ്ങളുടെ വരിക്കാരാണ്. എന്നാല്‍ ഈ വര്‍ഷം പത്രങ്ങളുടെ വരിസഖ്യ പുതുക്കുന്ന കാര്യത്തില്‍ വ്യക്‌തമായി ആലോചിച്ച ശേഷമേ തീരുമാനമെടുക്കുകയുള്ളുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌റ്റെഫനി ഗ്രഹാം പറഞ്ഞു. രാജ്യത്തെ നികുതിദായകരുടെ പണം അനാവശ്യമായി ചിലവാക്കുന്നത് തടയാനാണ് പുതിയ നടപടി ആലോചിക്കുന്നതെന്നും സ്‌റ്റെഫിനി കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്ക് ടൈംസും, വാഷിംങ്ടണ്‍ പോസ്‌റ്റും കള്ളത്തരം പ്രചരിപ്പിക്കുന്ന മാധ്യമസ്ഥാപനങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ പ്രസ്ഥാവന.
വൈറ്റ് ഹൗസില്‍ ഇരു പത്രങ്ങളും നേരത്തെ നിരോധിച്ചിരുന്നു.ഇതാദ്യമല്ല വൈറ്റ് ഹൗസില്‍ ഒരു പത്രം നിരോധിക്കുന്നത്. 1962ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ്. കെന്നഡി ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബ്യൂണ്‍ എന്ന പത്രം വൈറ്റ് ഹൗസില്‍ കയറ്റരുതെന്ന് ഉത്തരവിട്ടിരുന്നു.