കാരക്കാസ്: കൊവിഡ് വാക്‌സിനുകൾ നിർമിക്കാനുള്ള സന്നദ്ധത അറിയിച്ച് വെനസ്വേല. റഷ്യയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിനും വെനസ്വേല തയ്യാറാണെന്ന് അധികൃതർ പറഞ്ഞു. കൊവിഡ് വാക്‌സിൻ നിർമിക്കുന്നതായി തങ്ങളുടെ രാജ്യത്തെ പ്രയോജനപ്പെടുത്താമെന്ന് ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെ അറിയിച്ചുവെന്നും വിഷയത്തിൽ ക്യൂബ അടക്കമുള്ള രാജ്യങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും വൈസ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. കൊവിഡിനെതിരെയുള്ള പോരാട്ടം വിലയിരുത്തുന്ന പ്രസിഡൻഷ്യൽ കമ്മിഷൻ യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കൊവിഡ് വാക്‌സിന്‍റെ മൂന്നാം ഘട്ട പരീക്ഷണങ്ങൾ ചൈന, യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ പുരോഗമിക്കുകയാണെന്നും ഇതിൽ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി കാർലോസ് അൽവാരഡോ പറഞ്ഞു. കൊവിഡ് വാക്‌സിൻ നിർമാണത്തിൽ സഖ്യമാകുന്നതിനെപ്പറ്റി റഷ്യൻ ആരോഗ്യമന്ത്രാലയത്തോട് സംസാരിച്ചിട്ടുണ്ടെന്നും മൂന്നാംഘട്ട പരീക്ഷണത്തിന് രാജ്യം 500 പൗരന്മാരെ നൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനുകളുടെ സംയുക്ത ഉൽപാദനം, സാങ്കേതികവിദ്യകളുടെ കൈമാറ്റം എന്നീ വിഷയങ്ങൾ പരിഗണിക്കാമെന്ന് മറ്റ് രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.