വെനസ്വേലയിലെ സംഘർഷാവസ്ഥ കൂടുതൽ വഷളാക്കരുതെന്ന് യുഎസ് സെക്രട്ടറി മൈക്ക് പോംപിയോ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രണ്ട് റഷ്യൻ വിമാനങ്ങൾ വെനസ്വേല തലസ്ഥാനമായ കാരക്കസിൽ കണ്ടെത്തെയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുന്നറിപ്പ്.
മൈക്ക് പോംപിയോ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവോര്‍വിനോട് സംഘർഷാവസ്ഥ കൂടുതൽ വഷളാക്കരുതെന്ന് ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകിയതായി യുഎസ് വക്താവ് റോബർട്ട് പല്ലാഡിനൊ പറഞ്ഞു. നിക്കോളാസ് മഡുറോയ്ക്ക് റഷ്യ നൽകുന്ന സൈനിക പിന്തുണ സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടുമെന്നും മൈക്ക് പോംപിയോ കൂട്ടിച്ചേർത്തു.
യുഎസിൽ നിന്നുൾപ്പെടെ ഭക്ഷണവും മരുന്നും വഹിച്ചുളള ട്രക്കുകൾ കാത്തുനിന്ന ജനക്കൂട്ടത്തിനു നേരെ വെനസ്വേലയുടെ സൈന്യം ഫെബ്രുവരി 25ന് വെടിയുതിർത്തിരുന്നു. രണ്ട് പേര്‍ അക്രമത്തിൽ മരിച്ചു. ഗ്വീഡോയും മഡുറോയും തമ്മിലുള്ള അധികാരത്തർക്കത്തോടെ പ്രതിസന്ധി രൂക്ഷമായ വെനസ്വേലയിൽ യുഎസ് സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നതയാണു സംഘർഷത്തിനു വഴിതെളിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന വെനസ്വേലയിൽ മൂന്ന് ലക്ഷത്തിലേറെ പേർക്ക് അടിയന്തരമായി ഭക്ഷണവും മരുന്നും ആവശ്യമുണ്ടെന്നാണു യുവാൻ ഗ്വീഡോ പറയുന്നത്.
കാരക്കാസും മോസ്കോയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ റഷ്യ അടുത്ത ആഴ്ച വെനസ്വേലയ്ക്ക് ആവശ്യമായ മരുന്ന് നൽകുമെന്ന് വെനസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡുറോ വ്യക്തമാക്കിയിരുന്നു.