ബാഗ്ദാദ്: ഇറാഖിലെ എംബസിയിലെയും കോൺസുലേറ്റിലെയും ഉദ്യോഗസ്ഥർ നാട്ടിൽ തിരിച്ചെത്തണമെന്ന് അമേരിക്ക നിര്‍ദേശിച്ചു. ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇറാന്റെ അയല്‍ രാഷ്ട്രമാണ് ഇറാഖ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദ്, അര്‍ബില്‍ എന്നിവിടങ്ങളില്‍ അടിയന്തര സേവനങ്ങള്‍ ചെയ്യുന്നവര്‍ ഒഴിച്ചുള്ള ജീവനക്കാരോടാണ് അമേരിക്കയുടെ നിര്‍ദേശം. വാണിജ്യ യാത്രാ മാര്‍ഗം ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് ഉത്തരവ്. മേഖലയിലെ തങ്ങളുടെ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ ആക്രമണത്തിനൊരുങ്ങുന്നതായി അമേരിക്ക ആരോപിച്ചിരുന്നു.
അമേരിക്കൻ വിരുദ്ധ തീവ്രവാദസംഘങ്ങൾ സജീവമായതിനെ തുടർന്ന് ഇറാഖിലെ എംബസികളുടെ പ്രവർത്തനം ഭാഗികമായി റദ്ദാക്കിയതായും സ്റ്റേറ്റ് ഡിപ്പാർട്മന്റ് അറിയിച്ചു. ഇറാഖിലെയും അമേരിക്കയിലെയും യുഎസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു. സുരക്ഷ ഭീഷണി പരിഗണിച്ച് ജര്‍മനിയും നെതര്‍ലൻസും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി.