വാഷിങ്ടൺ: കോൺഗ്രസിന്‍റെ മുൻകൂർ അനുമതിയില്ലാതെ ഇറാനെതിരെ സൈനിക നടപടികൾ നടത്താനുള്ള പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ അധികാരം പരിമിതപ്പെടുത്തുന്ന യുദ്ധശക്തി പ്രമേയം യുഎസ് പ്രതിനിധി സഭ വ്യാഴാഴ്ച അംഗീകരിച്ചു. 194-നെതിരെ 224 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്.
കഴിഞ്ഞയാഴ്ച ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം നടത്തി സൈനിക മേധാവി കാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി യുഎസ് സൈനികരെ പാർപ്പിക്കുന്ന താവളങ്ങളിൽ ഇറാൻ നിരവധി മിസൈലുകൾ പ്രയോഗിച്ചതിന് പിന്നാലെയാണ് പ്രമേയം കൊണ്ടുവന്നത്.
ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികള്‍ കോൺഗ്രസുമായി ആലോചിക്കാതെ എടുത്തതാണെന്ന് സ്പീക്കർ നാന്‍സി പെലോസി പറഞ്ഞിരുന്നു. പ്രസിഡന്‍റിന്‍റെ തന്ത്രത്തെക്കുറിച്ച് കോൺഗ്രസിലെ ചില അംഗങ്ങൾക്ക് ആശങ്കകളുണ്ടെന്നും പെലോസി കൂട്ടിച്ചേർത്തു.