വാഷിങ്ടൺ: റോഹിങ്ക്യൻ അഭയാര്‍ഥികളെ സഹായിക്കുന്നതിനായി 155 മില്യൺ ഡോളർ പ്രഖ്യാപിച്ച് യുഎസ്. മ്യാൻമറിൽ നിന്നും ബംഗ്ലാദേശിലെത്തിയ 900,000ത്തോളം വരുന്ന റോഹിങ്ക്യൻ അഭയാർഥികൾക്ക് ഈ തുക സഹായകമാകുമെന്നും ആന്‍റണി ബ്ലിങ്കൻ പറഞ്ഞു. ഈ പ്രതിസന്ധിക്ക് വലിയ തോതിൽ ഫണ്ടിംഗ് ആവശ്യമാണെന്നും രാജ്യങ്ങൾ നൽകിയ സംഭാവനകളെ സ്വാഗതം ചെയ്യുന്നുവെന്നും യുഎസ് അറിയിച്ചു.
മ്യാൻമർ, ബംഗ്ലാദേശ് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കായി യുഎസ് 1.3 ബില്യൺ യുഎസ് ധനസഹായം നൽകിയിട്ടുണ്ടെന്നും 1.1 ബില്യൺ ബംഗ്ലാദേശിനാണ് നൽകിയതെന്നും യുഎസ് അറിയിച്ചു. ഇത്തരം വിഷയങ്ങളിൽ അന്താരാഷ്‌ട്ര സമൂഹം കൂടുതൽ സംഭാവനകൾ നൽകണമെന്നും ബ്ലിങ്കൻ പറഞ്ഞു. റോഹിങ്ക്യൻ അഭയാര്‍ഥികളുടെ സംരക്ഷണത്തിന് മുൻഗണന നൽകുന്ന മേഖലകളിലെ എല്ലാ രാജ്യങ്ങളെയും തുടർന്നും യുഎസ് പിന്തുണയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.
മ്യാൻമറിൽ ഫെബ്രുവരി ഒന്നിന് നടന്ന സൈനിക അട്ടിമറിയ്ക്കും, സൈനിക ആക്രമണത്തിനും ശേഷവും റോഹിങ്ക്യൻ വിഷയത്തിൽ ഇടപെടൽ നടത്താൻ യുഎസ് തയ്യാറാണെന്നും യുഎസ് വ്യക്തമാക്കി. അമേരിക്ക ഇനിയും റോഹിങ്ക്യകൾക്കായി നിലകൊള്ളുമെന്നും ഭാവിയിൽ അവരെയും ഉൾപ്പെടുത്തിയുള്ള സമൂഹത്തിനാകും ശ്രമിക്കുകയെന്നും യുഎസ് അറിയിച്ചു. ബംഗ്ലാദേശിലേക്ക് വരുന്ന കുടിയേറ്റക്കാരെ സഹായിക്കുന്നതിനുള്ള നടപടികൾ രാജ്യം സ്വീകരിക്കണമെന്നും യുഎസ് ആവശ്യപ്പെട്ടു.