സേള്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മടങ്ങിയെത്തിയതിന് പിന്നാലെ അതിർത്തിയിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഏറ്റുമുട്ടി. ഞായറാഴ്ച പുലർച്ചയോടെയാണ് അതിർത്തിയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ദക്ഷിണ കൊറിയയുടെ കാവൽ പോസ്റ്റിന് നേരെ ഉത്തര കൊറിയ വെടി ഉതിർക്കുകയായിരുന്നു. തുടർന്ന് ദക്ഷിണ കൊറിയ തിരിച്ചടിച്ചു.
ഏറ്റുമുട്ടലിൽ ആർക്കും പരിക്ക് പറ്റിയതായി റിപ്പോർട്ടുകളില്ല. തങ്ങളുടെ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഉത്തര കൊറിയ രണ്ട് റൗണ്ട് വെടിയുതിര്‍ത്തതായി ദക്ഷിണ കൊറിയ ആരോപിച്ചു. 248 കിലോമീറ്റര്‍ നീളത്തിലാണ് ഉത്തര- ദക്ഷിണ കൊറിയന്‍ അതിര്‍ത്തികള്‍. ഇതില്‍ 2.5 കിലോമീറ്റിര്‍ ഡിമിലിറ്ററൈസ്ഡ് സോണായാണ് അറിയപ്പെടുന്നത്. എന്നാല്‍ 2018 മുതല്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും സംഘര്‍ഷങ്ങള്‍ കുറച്ചിരുന്നു.
കിം ജോങ് ഇന്നിന്‍റെ മടങ്ങി വരവിനെ പിന്നാലെ ഉണ്ടായ ഏറ്റുമുട്ടൽ അതിർത്തി വീണ്ടും സംഘർഷ ഭരിതമാകുമെന്ന സൂചനകളാണ് നൽകുന്നത്. ഏപ്രിൽ 11 നാണ് കിം ജോങ് അവസാനമായി പൊതുവേദി പങ്കിട്ടത്. തുടർന്ന് ഏപ്രിൽ 15 ന് മുത്തച്ഛന്‍റെ ജന്മ വാർഷികത്തിലും എത്തതായതോടെ കിം ജോങ് മസ്തിഷ്ക മരണത്തിന് കീഴടങ്ങി എന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. 2017ലാണ് അവസാനമായി കൊറിയന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.