വാഷിങ്‌ടണ്‍: തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പരസ്‌പരം സഹായിക്കാനാകുമെന്ന് ഇന്ത്യന്‍ വംശജനായ ഡെമോക്രാറ്റ് അംഗം. ഐഎസ്, അൽ-ഖ്വയ്‌ദ തുടങ്ങിയ ഭീകര സംഘടനകൾക്ക് സുരക്ഷിത താവളമായി മാറാതിരിക്കാന്‍ അഫ്‌ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ ദൗത്യം അമേരിക്ക തുടരണമെന്നും ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റി അംഗം കൂടിയായ രാജ കൃഷ്‌ണമൂർത്തി പറഞ്ഞു.
ഇന്ത്യ-അമേരിക്ക സഹകരണം നിര്‍ണായകം
രഹസ്യാന്വേഷണത്തിലൂടെയും വിവരങ്ങള്‍ പങ്ക് വച്ചും തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കും യുഎസിനും സഹകരിക്കാനാകും. തീവ്രവാദികൾക്കെതിരെ പ്രവർത്തിക്കാനും ഗൂഢാലോചനകൾ തടയാനും പരസ്‌പരം സഹായിക്കാനാകുമെന്നും അദ്ദേഹം വാര്‍ത്ത ഏജന്‍സിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇല്ലിനോയിയിൽ നിന്നുള്ള യുഎസ് പ്രതിനിധി സഭാംഗമായ കൃഷ്‌ണമൂർത്തി ഹൗസ് ഇന്‍റലിജന്‍സ് കമ്മിറ്റിയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ നിയമസഭാംഗമാണ്.
"തീവ്രവാദത്തിനെതിരെ നമ്മുടെ പോരാട്ടം തുടരേണ്ടതുണ്ട്. ഇന്ത്യയും അമേരിക്കയും മാത്രമല്ല, ഈ മേഖലയിലുടനീളമുള്ള മറ്റ് സഖ്യകക്ഷികളും തീവ്രവാദ വിരുദ്ധ പോരാട്ടത്തില്‍ പങ്ക് ചേരുമെന്ന് ഞാൻ കരുതുന്നു," അദ്ദേഹം പറഞ്ഞു. അഫ്‌ഗാനിസ്ഥാനിലെ അമേരിക്കയുടെ തീവ്രവാദ വിരുദ്ധ ദൗത്യം തുടരണമെന്നും കൃഷ്‌ണമൂർത്തി പറഞ്ഞു. അഫ്‌ഗാനിൽ ഐഎസിനോ അൽഖ്വയ്‌ദ പോലുള്ള മറ്റ് ഗ്രൂപ്പുകള്‍ക്കോ സുരക്ഷിത താവളം കണ്ടെത്താൻ അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്‌ഗാനിലേത് ചരിത്രത്തിലെ തന്നെ വലിയ എയര്‍ലിഫ്‌റ്റിങ്
അഫ്‌ഗാനിസ്ഥാനില്‍ സേവനമനുഷ്‌ഠിച്ച സൈനികരെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചയ്ക്കുള്ളിൽ 1,20,000 ൽ അധികം ആളുകളെ രാജ്യത്ത് നിന്ന് ഒഴിപ്പിക്കാൻ അമേരിക്കന്‍ സൈനികര്‍ സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടികാട്ടി. 20 വര്‍ഷത്തിന് ശേഷം സൈന്യം അഫ്‌ഗാനിസ്ഥാൻ വിടണമെന്ന് അമേരിക്കൻ ജനത ആഗ്രഹിച്ചുവെന്നാണ് കരുതുന്നത്.
എന്നിരുന്നാലും, അഫ്‌ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിന്മാറിയ രീതി അന്വേഷിക്കേണ്ടതുണ്ടെന്നും അത് നന്നായി കൈകാര്യം ചെയ്യാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി സഹകരിച്ച താലിബാൻ ലക്ഷ്യമിടാൻ സാധ്യതയുള്ള എല്ലാ അഫ്‌ഗാന്‍കാരേയും രാജ്യത്ത് നിന്ന് പുറത്തെത്തിക്കുന്നത് തുടരാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read more: അവസാന യു.എസ് വിമാനവും അഫ്ഗാൻ വിട്ടു; ദൗത്യം പൂര്‍ത്തിയായെന്ന് ബൈഡൻ