വാഷിംങ്ടണ്‍ : ബംഗ്ലാദേശിലെ 270000 റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈപ്പറ്റിയതായി ഐക്യരാഷ്ട്രസഭ. ഭാവിയില്‍ മ്യാന്‍മറിലേക്ക് മടങ്ങിപോകുന്നതിനുള്ള ശ്രമങ്ങളുടെ ആദ്യപടിയായാണ് അഭയാര്‍ഥികള്‍ തിരിച്ചറിയല്‍ രേഖകള്‍ സ്വീകരിച്ചത്. തലമുറകളായി മ്യാന്‍മറില്‍ ജീവിച്ചിട്ടും അഭയാര്‍ഥികള്‍ക്ക് ഇതുവരെ പൗരത്വം സംബന്ധിച്ചതോ അതുമായി ബന്ധപ്പെട്ടതോ ആയ മറ്റ് രേഖകളോ ലഭിച്ചിരുന്നില്ല. സ്വന്തമായി ഒരു തിരിച്ചറിയല്‍ രേഖ ഉണ്ടായിരിക്കുക എന്നത് ഏതൊരു മനുഷ്യന്‍റെയും അടിസ്ഥാന അവകാശമാണെന്നും എന്നാല്‍ അഭയാര്‍ഥികള്‍ക്ക് ഇതുവരെ അത്തരത്തിലുള്ള അവകാശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അന്തസുള്ള ജീവിതത്തിലേക്കുള്ള ഇവരുടെ ആദ്യ ചുവടുവെപ്പ് കൂടിയാണ് ഇതെന്നും യു.എൻ ഹൈക്കമ്മീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
ബംഗ്ലാദേശിലെ അഭയാർഥികളുടെ വിവരങ്ങളുടെ കൃത്യത മെച്ചപ്പെടുത്താനും അഭയാർഥി സംവിധാനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അധികാരികള്‍ക്ക് മനസിലാക്കാനും സാധിക്കുന്ന തരത്തിലാണ് തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയിരിക്കുന്നത്. കുട്ടികൾ, സ്ത്രീകൾ, വൈകല്യമുള്ളവർ തുടങ്ങിയ ദുർബല വിഭാഗങ്ങളെ ലക്ഷ്യംവെച്ചാണ് പ്രധാനമായും തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കിയത്. വിരലടയാളങ്ങളും ഐറിസ് സ്കാനുകളും രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോട്ടോയും ജനനത്തീയതിയും ലിംഗഭേദവും അടക്കമുള്ള അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന തിരിച്ചറിയല്‍ രേഖ 12 വയസ്സിന് മുകളിലുള്ള അഭയാര്‍ഥികള്‍ മാത്രമാണ് നല്‍കിയത്. കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും ഇതിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ്, ബംഗാള്‍ ഭാഷകളിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പിറന്ന രാജ്യമെന്ന പേരില്‍ മ്യാൻമറിനെ പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സര്‍ക്കാരുമായി സഹകരിച്ചാണ് യുഎന്‍ എച്ച്സിആര്‍ തിരിച്ചറിയല്‍ രേഖകൾ വികസിപ്പിച്ചെടുത്തത്. ഭാവിയില്‍ മ്യാന്‍മറിലേക്ക് തിരികെ എത്തുന്നതിന് ഈ രേഖകള്‍ അഭയാര്‍ത്ഥികളെ സഹായിച്ചേക്കും.