വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡനെയും, വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ്. രാജ്യത്തെ ഏകീകരിക്കുകയും ഒന്നിച്ച് നില്‍ക്കുകയും ചെയ്യേണ്ട സമയത്ത് ഡെമോക്രാറ്റുകളും മാധ്യമങ്ങളും ട്രംപിനെയും ഭരണകൂടത്തെയും ആക്രമിക്കുകയാണെന്ന് മെലാനിയ ട്രംപ് പറഞ്ഞു. വെസ്‌റ്റ് ബാന്‍റില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ചൈനയിലേക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കക്കാര്‍ യാത്ര ചെയ്യുന്നതിനെ ട്രംപ് എതിര്‍ത്തതിനെ അവര്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഡെമോക്രാറ്റുകള്‍ പറയുന്നത് ട്രംപ് സര്‍ക്കാര്‍ ഒന്നും ചെയ്‌തില്ലെന്നാണ്. ജോ ബൈഡനെയും കമലാ ഹാരിസിനെയും പോലുള്ള ഒരു രാഷ്‌ട്രീയക്കാരനല്ല തന്‍റെ ഭര്‍ത്താവെന്നും മെലാനിയ ട്രംപ് പറഞ്ഞു.
വാഗ്‌ദാനങ്ങള്‍ പാലിച്ച പ്രസിഡന്‍റാണ് ട്രംപ്. അല്ലാതെ വെറും വാക്കുകളുടെയും, വാക്ക് തെറ്റിക്കലുകളുടെയും നേതാവല്ല. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംരക്ഷിക്കാനും, അമേരിക്കൻ ജനത സുരക്ഷിതരായി ജീവിക്കാനും പ്രസിഡന്‍റെ ട്രംപ് എത്രത്തോളം അധ്വാനിച്ചിരുന്നു എന്നതിന് ഞാൻ സാക്ഷിയാണ്. കൊവിഡിനെതിരെ പോരാടാൻ സര്‍ക്കാര്‍ ഉപയോഗിക്കുന്ന അത്ര തന്നെ പണം ട്രംപിനെ ഇംപീച്ച് ചെയ്യാൻ ഡെമോക്രാറ്റ് നേതാക്കള്‍ ഉപയോഗിച്ചെന്നും മെലാനിയ ട്രംപ് കൂട്ടിച്ചേര്‍ത്തു.