ഇപ്പോഴും വരും ഭാവിയിലും താൻ തന്നെയാകും രാജ്യം ഭരിക്കുക എന്ന് നിക്കോളാസ് മഡുറോ തന്നെ പിന്തുണയ്ക്കുന്നവരോട് പറഞ്ഞു.
യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ദുരിതാശ്വാസ സഹായം എത്തുന്നത് തടയുന്നതിനായി ബ്രസീലുമായുള്ള അതിർത്തി അടയ്ക്കാൻ മഡുറോ ഇന്നലെ ഉത്തരവിട്ടിരുന്നു. കൊളംബിയ അതിർത്തിയും അടയ്ക്കുമെന്ന് മഡുറോ മുന്നറിയിപ്പ് നൽകി. എന്നാൽ രാജ്യത്തേക്ക് എത്തുന്ന അന്താരാഷ്ട്ര സഹായങ്ങളെ സ്വയം പ്രഖ്യാപിത പ്രസിഡന്‍റായ പ്രതിപക്ഷനേതാവ് വാൻ ഗ്വീഡോ, മഡുറോയുടെ മുന്നറിയിപ്പിനെ മറികടന്നും ഏറ്റുവാങ്ങുന്നുണ്ട്.
കഴിഞ്ഞ വർഷം പ്രതിപക്ഷം ബഹിഷ്കരിച്ച തിരഞ്ഞെടുപ്പിലാണ് മഡുറോ വെനസ്വേലയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. ആക്ടിങ് പ്രസിഡന്‍റായിസ്വയം പ്രഖ്യാപിച്ച ഗ്വീഡോയെ യുഎസും ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചത് മഡുറോയ്ക്ക് കനത്ത സമ്മർദമേകുന്നു.
പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ് 2013 മാർച്ചിൽ അന്തരിച്ചതിനെ തുടർന്നാണ് വെനസ്വേല പ്രതിസന്ധികൾ നേരിടാൻ തുടങ്ങിയത്. രാഷ്ട്രീയ അസ്ഥിരത, അക്രമം, അസാധാരണ പണപ്പെരുപ്പം, ഭക്ഷ്യവസ്തുക്ഷാമം, മരുന്നുകളുടെ ദൗർലഭ്യം തുടങ്ങി, കഴിഞ്ഞ കുറെ മാസങ്ങളിൽ രാഷ്ട്രീയ പ്രതിസന്ധി രാജ്യത്ത് രൂക്ഷമാണ്. പ്രതിസന്ധി മൂലം 30 ലക്ഷത്തോളം ജനങ്ങളാണ് രാജ്യം വിട്ടത്.