വാഷിങ്ടൺ: അമേരിക്കയിലെ വാക്‌സിനേഷനുകളുടെ എണ്ണം ഉടൻ തന്നെ 100 മില്യൺ കടക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. തീരുമാനിച്ച ദിവസത്തിന് മുമ്പ് തന്നെ വാക്‌സിനേഷനുകളുടെ എണ്ണം ലക്ഷ്യത്തിലെത്തി. ഇപ്പോൾ കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങൾക്ക് മരുന്ന് വിതരണം ചെയ്യുകയാണ് അമേരിക്കയെന്നും ബൈഡൻ അറിയിച്ചു. സർക്കാർ അധികാരത്തിലെത്തിയിട്ട് 58 ദിവസം പിന്നിടുമ്പോൾ ഇത്തരത്തിലൊരു ലക്ഷ്യം കൈവരിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായും അദ്ദേഹം അറിയിച്ചു. അടുത്ത ആഴ്‌ച മുതൽ പുതിയ വാക്‌സിനേഷൻ ആരംഭിക്കും.
നിലവിൽ അംഗീകരിച്ചിട്ടുള്ള മൂന്ന് വാക്‌സിനുകളും അമേരിക്കയിൽ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ്. മെക്‌സിക്കോയിലേക്കും കാനഡയിലേക്കും നാല് മില്യൺ ആസ്‌ട്രാസെനെക്ക കൊവിഡ് വാക്‌സിൻ ഡോസുകൾ സംയോജിപ്പിച്ച് കയറ്റി അയയ്‌ക്കാനുള്ള പദ്ധതികൾ അന്തിമഘട്ടത്തിലാണ്. എന്നാൽ 25 മില്യൺ ഡോസുകൾ മെക്‌സിക്കോയിലേക്കും 1.5 മില്യൺ കാനഡയിലേക്കും അയക്കുമെന്നും പ്രസ് സെക്രട്ടറി ജെൻ സാകി അറിയിച്ചു. തങ്ങളുടെ പ്രഥമ ലക്ഷ്യം അമേരിക്കക്കാർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുകയാണെന്നും ജെൻ സാകി കൂട്ടിച്ചേർത്തു.
അസ്ട്രാസെനെക്ക വാക്‌സിൻ അമേരിക്കയിൽ ഉപയോഗിക്കാൻ ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. എന്നാൽ ലോകാരോഗ്യ സംഘടന ഇതിന് അംഗീകാരം നൽകി. അടിയന്തര ഉപയോഗ അംഗീകാരത്തിനായി ദശലക്ഷക്കണക്കിന് ഡോസുകൾ യുഎസിൽ ശേഖരിച്ചുവച്ചിട്ടുണ്ട്. ഏഴ് ദശലക്ഷം അസ്ട്രാസെനെക്ക ഡോസുകൾ കയറ്റുമതിക്ക് തയ്യാറാണെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.