ഗ്വാട്ടിമാല സിറ്റി: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിക്കുന്ന കൊവിഷീൽഡ് വാക്‌സിന്‍റെ 200,000 ഡോസുകൾ നൽകിയതിൽ രാജ്യത്തിനും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ഗ്വാട്ടിമാല പ്രസിഡന്‍റ് അലജാൻഡ്രോ ജിയാമട്ടേയ്. ട്വിറ്ററിലൂടെ ആയിരുന്നു പ്രസിഡന്‍റിന്‍റെ നന്ദി പ്രകടനം. ട്വീറ്റിനോടൊപ്പം അദ്ദേഹം ഭാരതത്തിന് നന്ദി എന്ന് എഴുതിയ ഒരു ചിത്രവും പങ്ക് വെച്ചിരുന്നു.
ആരോഗ്യ പ്രവർത്തകർക്കും മുൻനിര പോരാളികൾക്കും നൽകുന്നതിനായി 200,000 ഡോസുകൾ ഇന്ത്യ ഉടൻ തന്നെ തങ്ങൾക്ക് നൽകിയെന്നുള്ളത് സർക്കാരിനെ അത്ഭുതപ്പെടുത്തുന്നതായും അദ്ദേഹം ഒരു പ്രസംഗത്തിൽ പറഞ്ഞു. അന്താരാഷ്ട്ര വിതരണക്കാരിൽ നിന്ന് വാക്‌സിനുകൾ സ്വീകരിക്കുന്നതിൽ ഞങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞതിനാൽ ഈ വാക്‌സിനുകൾ ദാനം ചെയ്‌തതിൽ ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറയുന്നു എന്നും തങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യൻ സർക്കാർ മടിച്ചില്ല എന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇതുവരെ 361.94 ലക്ഷം വാക്‌സിൻ ഡോസുകളാണ് വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ അയച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വരുന്ന മാസങ്ങളിലും ഘട്ടം ഘട്ടമായി വാക്‌സിനുകൾ വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.