വാഷിങ്‌ടൺ: ഫ്ലോറിഡയിൽ ജനിതകമാറ്റം വന്ന കൊവിഡ് കണ്ടെത്തി. അതിതീവ്ര കൊവിഡ് ബാധ കണ്ടെത്തുന്ന മൂന്നാമത്തെ അമേരിക്കൻ സംസ്ഥാനമാണ് ഫ്ലോറിഡ. 20 വയസുകാരനാണ് അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചത്. എന്നാൽ ഇയാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇക്കാര്യത്തിൽ അന്വേഷണം നടക്കുന്നതായും രോഗബാധ കൊവിഡ് വാക്‌സിനേഷന്‍റെ ഫലപ്രാപ്‌തിയെ ബാധിക്കുമെന്ന് ആശങ്കയുണ്ടെന്നും ഫ്ലോറിഡ ആരോഗ്യ വകുപ്പ് അറിയിച്ചു.
അമേരിക്കയിൽ ജനിതകമാറ്റം വന്ന കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്തത് കൊളോറാഡോയിലും പിന്നീട് കാലിഫോർണിയയിലുമാണ്. ജനിതകമാറ്റം വന്ന വൈറസിനും ഫൈസർ, മോഡേണ വാക്‌സിനുകൾ ഫലപ്രദമാണെന്ന് കരുതുന്നതായും, എന്നാൽ അത് എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും ആരോഗ്യ വിദഗ്‌ധരും ഫാർമസ്യൂട്ടിക്കൽ കമ്പനികളും അറിയിച്ചു. പുതിയ വൈറസ് വ്യാപനം അനിയന്ത്രിതമാണ്, എന്നാൽ കഠിനമായ രോഗ ലക്ഷണങ്ങളൊന്നും ജനിതകമാറ്റം വന്ന വൈറസ് മൂലം ഉണ്ടാകുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.