വാഷിങ്ടണ്‍: 2019 ലെ ഈസ്റ്റര്‍ ദിനത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് ശ്രീലങ്കൻ പൗരൻമാർക്കെതിരെ യു.എസ്. കുറ്റം ചുമത്തി. 268 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മുഹമ്മദ് നൗഫർ, മുഹമ്മദ് അൻവർ മുഹമ്മദ് റിസ്‌കാൻ, അഹമ്മദ് മിലൻ ഹയാത്ത് മുഹമ്മദ് എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയത്.
നിലവിൽ മൂന്നു പേരും ശ്രീലങ്കയിൽ കസ്റ്റഡിയിലാണ്. പ്രതികളിലൊരാളായ നൗഫറാണ് ശ്രീലങ്കയിലെ ഐഎസ്ഐഎസ് അനുഭാവികളുടെ സംഘത്തിലേക്ക് ആളുകളെ കൊണ്ടു വരുന്നതും സൈനിക പരിശീലനത്തിന് നേതൃത്വം നൽകുകയും ചെയ്യുന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ആക്രമണം നടത്തുന്നതിനായി ഐ.ഇ.ഡികൾ നിർമ്മിക്കാൻ റിസ്‌കാനാണ് സഹായിച്ചത്. വെടിമരുന്ന് ശേഖരിക്കുന്നതിനായി മുഹമ്മദ് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വിവരമറിയിച്ചയാളെയും കൊലപ്പെെടുത്തി.
ആക്രമണവുമായി ബന്ധപ്പെട്ടുള്ള ശ്രീലങ്കയുടെ അന്വേഷണത്തെ പിന്തുണയ്‌ക്കുന്നു എന്നും അന്വേഷണത്തിന്‍റെ ഭാഗമായി ശ്രീലങ്കയിലെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ദേശീയ സുരക്ഷാ വിഭാഗം അസിസ്റ്റന്‍റ് അറ്റോർണി ജനറൽ ജോൺ. സി.ഡെമെർസ് അറിയിച്ചു.