വാഷിങ്ടണ്‍: ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ഭരണകൂടത്തിന്‍റെ സാമൂഹികവും രാഷ്ട്രീയവുമായ ഇടപെടലുകളും, അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിയ്ക്കുന്നതും ന്യൂനപക്ഷങ്ങളോടുള്ള മതപരമായ വിവേചനവും ഒറ്റപ്പെട്ട സംഭവമായി കരുതാനാകില്ലെന്ന് ഭരണകക്ഷിയായ ഡെമോക്രാറ്റിന്‍റെ നിയമസഭാംഗങ്ങള്‍ പറഞ്ഞു.
അന്താരാഷ്ട്ര മത സ്വാതന്ത്യ ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ സംഘടിപ്പിച്ച 'ഇന്ത്യയിലെ മതസ്വാതന്ത്യം, വെല്ലുവിളികളും അവസരങ്ങളും' എന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
ദേശീയത വാദം ജനാധിപത്യത്തിന് ഭീഷണി
ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ചും 200 ദശലക്ഷം വരുന്ന ഇന്ത്യയിലെ മുസ്ലീമുകളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്‍റെ പ്രതിബദ്ധതയെ കുറിച്ച് ആശങ്കയുണ്ടെന്ന് സെനറ്റര്‍ എഡ് മര്‍ക്കീ പറഞ്ഞു. ബഹുസ്വരതയോട് എക്കാലവും പ്രതിബദ്ധത പുലര്‍ത്തിയിട്ടുള്ള ഇന്ത്യയില്‍ ഇന്ന് വര്‍ധിച്ചുവരുന്ന ദേശീയത വാദം ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മുസ്ലീങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍
കഴിഞ്ഞ ഏഴു വർഷത്തിനിടെ നൂറുകണക്കിന് മുസ്ലീങ്ങളെയാണ് അക്രമാസക്തരായ ആള്‍ക്കൂട്ടം ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്‌തതെന്ന് യുഎസ് കോണ്‍ഗ്രസ് അംഗം മാരി ന്യൂമാൻ ആരോപിച്ചു. മതന്യൂനപക്ഷങ്ങളെ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകര്‍, അഭിഭാഷകര്‍, പത്രപ്രവർത്തകര്‍, വിദ്യാർഥികള്‍ എന്നിവര്‍ക്ക് നേരെയും അക്രമം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വിദേശകാര്യ കമ്മിറ്റി അംഗവും കോണ്‍ഗ്രസ് അംഗവുമായ ആന്‍ഡി ലെവിനും ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. എല്ലാ മനുഷ്യരുടേയും അവകാശങ്ങളും അന്തസും ഉൾക്കൊള്ളുന്ന ഒരു ജനാധിപത്യ രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് വിശ്വസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read: ഡാനിഷ് സിദ്ധിഖിയുടെ കൊലപാതകത്തില്‍ അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ