വാഷിങ്‌ടണ്‍: കൊവിഡ് 19 സംബന്ധിച്ചുള്ള വസ്തുതകള്‍ ചൈന മറച്ചുവെക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എങ്ങനെയാണ് രോഗം ഇത്ര വേഗത്തില്‍ പടര്‍ന്നു പിടിച്ചതെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പോംപിയോ ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ചൈനയെ വിമര്‍ശിച്ച് രംഗത്ത് വന്നതിന്‍റെ പിന്നാലെയാണ് പോംപിയോയുടെ പ്രതികരണം.
കൊവിഡ് സംബന്ധിച്ചുള്ള യഥാര്‍ഥ വിവരങ്ങള്‍ ചൈന തുറന്ന് പറയണം. എങ്ങനെയാണ് വൈറസ് വ്യാപനം ഉണ്ടായതെന്ന് മനസിലാക്കാന്‍ ശാസ്‌ത്രജ്ഞരെ അനുവദിക്കുക മാത്രമാണ് ലോകവുമായി സഹകരിക്കുന്നതിന് ചൈനക്ക് മുന്നിലുള്ള മാര്‍ഗം. ലോകവ്യാപകമായി രോഗം പടര്‍ന്ന് പിടിക്കുന്നതിന് മുന്‍പ് ചൈനയിലെ നേതാക്കന്മാര്‍ക്ക് കാര്യങ്ങള്‍ അറിയുമായിരുന്നു. അവിടെ സംഭവിച്ചത് ചൈന പരസ്യപ്പെടുത്തണം. ജനാധിപത്യരാജ്യങ്ങളില്‍ സംഭവിക്കാത്ത പലതും ചൈനയില്‍ സംഭവിക്കുന്നുണ്ട്. സുതാര്യതയില്ലായ്‌മയുടെ അപകടമാണ് നാം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോക വ്യാപകമായി പടര്‍ന്നു പിടിക്കാന്‍ ചൈന അനുവദിച്ചെന്നാണ് വിമര്‍ശകര്‍ ചൂണ്ടികാട്ടുന്നത്.