ബ്രസീലിയ: ബ്രസീൽ ഉപരാഷ്‌ട്രപതി ഹാമിൽട്ടൺ മൗറാവുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്‌ച ഉച്ചയോടെയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് അദ്ദേഹം തന്‍റെ ഔദ്യോഗിക വസതിയിൽ ഐസോലേഷനിൽ പ്രവേശിച്ചതായി അറിയിച്ചു.
ജൂലൈയിൽ രാഷ്‌ട്രപതി ജെയർ ബോൾസോനാരോയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ രാജ്യവും കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ രണ്ടാമത്തെ രാജ്യവുമാണ് ബ്രസീൽ. തിങ്കളാഴ്‌ച രാവിലെ വരെയുള്ള കണക്കനുസരിച്ച് കൊവിഡ് ബാധിച്ചവരുടെ എണ്ണം 7,484,285, മരണസംഖ്യ 191,139 എന്നിങ്ങനെയാണ്.