ബ്രസീലിയ: കഴിഞ്ഞ 24 മണിക്കൂറിൽ 51,000ൽ അധികം പുതിയ കൊവിഡ് കേസുകളും 1,200ൽ അധികം കൊവിഡ് മരണങ്ങളുമാണ് ബ്രസീലിൽ സ്ഥിരീകരിച്ചതെന്ന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം. 23,94,513 കൊവിഡ് കേസുകളാണ് ലാറ്റിനമേരിക്കൻ രാജ്യത്ത് നിലവിൽ സ്ഥിരീകരിച്ചിരിക്കുന്നത്. 51,147 പുതിയ കൊവിഡ് കേസുകളും 1,211 കൊവിഡ് മരണങ്ങളുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 1,211 പേർകൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 86,449 ആയി.
കൊവിഡ് ബാധിച്ച 1.6 ദശലക്ഷത്തിലധികം ആളുകൾ ഇതുവരെ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് കേസുകളുടെ എണ്ണത്തിൽ യുഎസിനെ പിന്തള്ളിയെങ്കിലും വൈറസ് നിരക്ക് കുറച്ച് കൊണ്ടുവരാൻ സാധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ റയാൻ പറഞ്ഞു. അതേ സമയം മൂന്ന് ദശലക്ഷം ആളുകൾ പങ്കെടുക്കാറുള്ള കോപകബാന ബീച്ചിലെ പുതുവത്സരാഘോഷം കൊവിഡ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ റിയോ ഡി ജനീറോ റദ്ദാക്കിയതായി ശനിയാഴ്ച ബ്രസീലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂലൈയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൽസനാരോക്ക് കൊവിഡ് നെഗറ്റീവ് ആയതായി അധികൃതർ അറിയിച്ചു.