റിയോ ഡി ജനീറോ: ലോകാരോഗ്യ സംഘടനയിൽ നിന്ന് രാജ്യം പിൻമാറുമെന്ന് ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ. ലോകാരോഗ്യ സംഘടനയെ പക്ഷപാതപരമായ ഒരു രാഷ്ട്രീയ സംഘടനയാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ബ്രസീൽ പിന്മാറുന്നത് പരിഗണിക്കുമെന്ന് ബോൾസോനാരോ പറഞ്ഞു.
കൊവിഡ് 19 ബ്രസീലിൽ ഇപ്പോഴും ശക്തിയോടെ നിലനിൽക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗണുകൾ നീക്കം ചെയ്യാനുള്ള ബോൾസോനാരോയുടെ ശ്രമത്തെ ലോകാരോഗ്യ സംഘടന എതിർത്തിരുന്നു. വൈറസ് വ്യാപനം കുറയുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ ലോക്ക്‌ഡൗണ്‍ പിൻവലിക്കാനാകൂവെന്ന് ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു. ദിവസേനയുള്ള കൊവിഡ് മരണങ്ങളുടെ പുതിയ റെക്കോർഡോടെ ബ്രസീൽ ഇറ്റലിയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ അണുബാധയുള്ള രാജ്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,437 മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബ്രസീലിലെ മൊത്തം കൊവിഡ് മരണങ്ങൾ 34,021 ആയി ഉയർന്നു.