വാഷിങ്‌ടൺ: യുക്രൈൻ വിഷയത്തിൽ റഷ്യയ്‌ക്ക് താക്കീതുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുക്രൈനെ ആക്രമിച്ചാൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡ്‌മിർ പുടിന് ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യയുടെ യുക്രൈൻ അധിനിവേശം വ്യാപകമായ ദുരന്തങ്ങൾക്ക് കാരണമാകും. പ്രതിസന്ധി അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ നയതന്ത്രത്തിന് പ്രതിജ്ഞാബദ്ധരാണ്. എങ്കിലും മറ്റ് വിപരീത സാഹചര്യങ്ങൾ നേരിടാനും തയാറാണെന്ന് ബൈഡൻ പുടിനെ അറിയിച്ചതായി വൈറ്റ്ഹൗസ് വിശദമാക്കി. റഷ്യ അയൽരാജ്യത്തെ ആക്രമിച്ചാൽ യുഎസും സഖ്യകക്ഷികളും നിർണായകമായി പ്രതികരിക്കുമെന്നും അതിന് വലിയ വില നൽകേണ്ടിവരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. മണിക്കൂറുകളോളം നീണ്ട ഫോൺ സംഭാഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും വൈറ്റ്ഹൗസ് അറിയിച്ചു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ യുക്രൈനിന് നേരെയുള്ള റഷ്യൻ അധിനിവേശം ആരംഭിച്ചേക്കാമെന്നും ഫെബ്രുവരി 20ന് ബീജിങിൽ നടക്കുന്ന വിന്‍റർ ഒളിമ്പിക്‌സിന് മുമ്പ് അവസാനിച്ചേക്കുമെന്നും യുഎസ് ഇന്‍റലിജൻസ് സൂചിപ്പിക്കുന്നതായി ബൈഡന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ജെയ്‌ക് സള്ളിവൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
അതേസമയം ചർച്ച കൊണ്ട് നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ അടിസ്ഥാനപരമായ മാറ്റമൊന്നും ഉണ്ടാക്കിയില്ലെന്ന് മുതിർന്ന അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥൻ മാധ്യമങ്ങളെ അറിയിച്ചു. സൈനിക നടപടികളുമായി മുന്നോട്ടുപോകാൻ പുടിൻ അന്തിമ തീരുമാനമെടുത്തിട്ടുണ്ടോയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടെല്ലും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ:ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം; പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ച് അമേരിക്ക
റഷ്യ ഉടൻ യുക്രൈനെ ആക്രമിക്കുമെന്ന് ബൈഡൻ ഭരണകൂടം ആഴ്‌ചകളായി മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയുമായി ശത്രുത ഉണ്ടാകാതിരിക്കാൻ ഒളിമ്പിക്‌സ് അവസാനിക്കുന്നതുവരെ റഷ്യ കാത്തിരിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥർ നേരത്തെ അറിയിച്ചിരുന്നു. യുക്രൈൻ അതിർത്തിക്കടുത്ത് ഒരു ലക്ഷത്തിലധികം സൈനികരെ വിന്യസിക്കുകയും അയൽരാജ്യമായ ബെലാറസിൽ പരിശീലനത്തിനായി സൈന്യത്തെ അയക്കുകയും ചെയ്‌തു. എങ്കിലും യുക്രൈനെതിരെ ആക്രമണം നടത്താൻ ഉദ്ദേശിക്കുന്നുവെന്ന കാര്യം ഇപ്പോഴും നിഷേധിക്കുകയാണ്.
അതേസമയം ബൈഡനുമായി സംസാരിക്കുന്നതിന് മുമ്പ് ഫ്രഞ്ച് പ്രസിഡന്‍റ് എമ്മാനുവൽ മാക്രോണുമായി പുടിൻ ടെലിഫോൺ സംഭാഷണം നടത്തിയിരുന്നു. ഈ ചർച്ച നിലവിലെ പിരിമുറുക്കങ്ങൾ തണുപ്പിക്കുന്നതിൽ ചെറിയ പുരോഗതി കൈവരിച്ചതായി സൂചിപ്പിക്കുന്നുവെന്ന് ക്രെംലിൻ അറിയിച്ചു.
റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യുക്രേനിയൻ തലസ്ഥാനത്തെ എംബസി ഒഴിയണമെന്നും യുക്രൈനിലുള്ള അമേരിക്കൻ പൗരൻമാർ ഉടൻ രാജ്യം വിടണമെന്നും കഴിഞ്ഞ ദിവസമാണ് വൈറ്റ് ഹൗസ് നിർദേശം നൽകിയത്. കൂടാതെ ബ്രിട്ടനും മറ്റ് യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ യുക്രൈൻ വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.