വാഷിങ്ടണ്‍: അഫ്‌ഗാനിസ്ഥാനില്‍ അമേരിക്കയുടെ രക്ഷാദൗത്യം തുടരുന്നത് സംബന്ധിച്ച് സൈന്യവുമായി ചർച്ച നടത്തുകയാണെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍. ഓഗസ്റ്റ് 31 വരെ അഫ്‌ഗാനിസ്ഥാനില്‍ രക്ഷാദൗത്യം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. 'രക്ഷാദൗത്യത്തിന്‍റെ സമയപരിധി നീട്ടണമോയെന്ന കാര്യത്തില്‍ സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷ,' ബൈഡന്‍ പറഞ്ഞു.
കാബൂൾ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള സുരക്ഷിത മേഖല വികസിപ്പിച്ചതായി ബൈഡൻ അറിയിച്ചു. ഭീകരര്‍ നിലവിലെ സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുണ്ട്. നിരപരാധികളായ അഫ്‌ഗാനികളെയോ അമേരിക്കന്‍ സൈനിക ട്രൂപ്പുകളേയൊ അവര്‍ ലക്ഷ്യം വച്ചേക്കാം. ഐഎസ്, ഐഎസ്ഐഎസ്-കെ ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുമോ എന്നതില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയതും ബുദ്ധിമുട്ടേറിയതുമായ എയർലിഫ്റ്റാണ് അഫ്‌ഗാനിസ്ഥാനിലേതെന്ന് ബൈഡൻ നേരത്തെ പറഞ്ഞിരുന്നു. ഓഗസ്റ്റ് 14 മുതൽ അഫ്‌ഗാനിസ്ഥാനിൽ നിന്ന് ഏകദേശം 25,100 പേരെ യുഎസ് സൈന്യം തിരികെയെത്തിച്ചതായി വൈറ്റ് ഹൗസ് ഞായറാഴ്‌ച ട്വീറ്റ് ചെയ്‌തു.