വാഷിങ്ടൺ: ഇന്ത്യൻ അമേരിക്കനായ അരുൺ വെങ്കട്ടരാമനെ വിദേശ വാണിജ്യ സേവനവുമായി ബന്ധപ്പെട്ട വകുപ്പിൽ പ്രധാന സ്ഥാനത്തേക്ക് നാമനിർദേശം ചെയ്‌ത് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡയറക്‌ടർ ജനറൽ, ഫോറിൻ കൊമേഴ്‌സ്യൽ സർവീസ്, വാണിജ്യ വകുപ്പ് ഗ്ലോബൽ മാർക്കറ്റുകളുടെ അസിസ്റ്റന്‍റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്കാണ് വെങ്കിട്ടരാമനെ നാമനിർദേശം ചെയ്‌തിരിക്കുന്നത്. കമ്പനികൾക്കും അന്താരാഷ്‌ട്ര സംഘടനകൾക്കും യുഎസ് സർക്കാരിനും അന്താരാഷ്ട്ര വ്യാപാര വിഷയങ്ങളിൽ ഉപദേശം നൽകിവരുന്ന വെങ്കിട്ടരാമന് 20 വർഷത്തെ പ്രവർത്തി പരിചയമുണ്ട്. നിലവിൽ അദ്ദേഹം സെക്രട്ടറി ഓഫ് കൊമേഴ്‌സിന്‍റെ കൗൺസിലറായി സേവനമനുഷ്‌ഠിച്ച് വരുകയാണ്.
Also Read: കൊവിഡിന്‍റെ ഉറവിടം തേടി യുഎസ്; റിപ്പോര്‍ട്ട് 90 ദിവസത്തിനകം
ബൈഡൻ-ഹാരിസ് ഭരണത്തിൽ ചുമതല ഏറ്റെടുക്കുന്നതിന് മുമ്പ്, വിസയിലെ സീനിയർ ഡയറക്‌ടറായിരുന്നു അദ്ദേഹം. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, വ്യാപാരം, നികുതി, ഉപരോധം എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര നയ വിഷയങ്ങളിൽ അദ്ദേഹം നേതൃത്വം നൽകി. വെങ്കടരാമൻ മുമ്പ് സ്റ്റെപ്റ്റോ ആൻഡ് ജോൺസൺ എൽഎൽപിയിൽ വാണിജ്യ, നിക്ഷേപ നയ ഉപദേഷ്‌ടാവായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. അവിടെ ഇ-കൊമേഴ്‌സ്, ബൗദ്ധിക സ്വത്തവകാശം, യുഎസ്-വിദേശ വ്യാപാര നയങ്ങൾ എന്നിവയെക്കുറിച്ച് ബഹുരാഷ്ട്ര സ്ഥാപനങ്ങൾക്കും മറ്റ് സംഘടനകൾക്കും അദ്ദേഹം ഉപദേശം നൽകി. പ്രസിഡന്‍റ് ബരാക് ഒബാമയുടെ കീഴിൽ വാണിജ്യ വകുപ്പിന്‍റെ അന്താരാഷ്‌ട്ര ട്രേഡ് അഡ്‌മിനിസ്ട്രേഷനിലെ ആദ്യത്തെ പോളിസി ഡയറക്‌ടർ എന്ന നിലയിൽ, രാജ്യത്തും ചൈനയിലും ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിപണികളിലും നേരിടുന്ന നിർണായക വെല്ലുവിളികളോട് യുഎസ് സർക്കാരിന്‍റെ പ്രതികരണങ്ങൾ രൂപപ്പെടുത്താൻ വെങ്കടരാമൻ സഹായിച്ചുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: വാക്‌സിൻ; ബയോടെക്കുമായുള്ള കരാർ ചൈന തടഞ്ഞെന്ന് തായ്‌വാൻ
യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവിന്‍റെ (യുഎസ്‌ടിആർ) ഓഫീസിലായിരിക്കെ, യുഎസ് ഡയറക്‌ടറായി യുഎസ്-ഇന്ത്യ ട്രേഡ് പോളിസി വികസിപ്പിക്കുന്നതിനും നടപ്പാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകി. മികച്ച പ്രകടനത്തിനും നേതൃത്വത്തിനും ഏജൻസിയുടെ കെല്ലി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. വേൾഡ് ട്രേഡ് ഓർഗനൈസേഷന്‍റെ മുമ്പാകെ വ്യവഹാരത്തിലും അന്താരാഷ്ട്ര വ്യാപാര കരാറുകളെക്കുറിച്ചുള്ള ചർച്ചകളിലും അമേരിക്കയെ പ്രതിനിധീകരിച്ച് അസോസിയേറ്റ് ജനറൽ കൗൺസിലായും വെങ്കടരാമൻ പ്രവർത്തിച്ചു. യുഎസ്‌ടിആറിൽ ചേരുന്നതിനുമുമ്പ്, ഡബ്ല്യുടിഒയിലെ നിയമ ഉദ്യോഗസ്ഥനായിരുന്നു വെങ്കടരാമൻ. യുഎസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡിൽ ജഡ്‌ജി ജെയ്ൻ എ. റെസ്റ്റാനിയുടെ നിയമ ഗുമസ്‌തനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കൊളംബിയ ലോ സ്‌കൂളിൽ നിന്ന് ജെഡിയും ടഫ്റ്റ്സ് സർവകലാശാലയിൽ നിന്ന് ബിഎയും ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽ നിന്ന് എംഎ ലോ അൻഡ് ഡിപ്ലോമസിയും അദ്ദേഹം നേടി.