വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ തന്‍റെ ഓഫീസ് ഓഫ് മാനേജ്‌മെന്‍റ് ആൻഡ് ബജറ്റിന്‍റെ ഡയറക്ടറായി ഇന്ത്യൻ വംശജയായ നീര ടാൻഡനെ നാമനിർദേശം ചെയ്യുമെന്ന് സൂചന.
ട്രഷറി സെക്രട്ടറി നോമിനി ജാനറ്റ് യെല്ലനോടൊപ്പം, കേന്ദ്രീകൃത സാമ്പത്തിക ഉപദേഷ്ടാക്കളുടെ ഒരു ടീമിനെ കെട്ടിപ്പടുക്കുന്നതിനുള്ള ബൈഡന്‍റെ പദ്ധതിയുടെ ഭാഗമാണ് ടാൻഡനെ നാമനിർദേശം ചെയ്യുന്നതെന്ന് വാൾസ്ട്രീറ്റ് ജേണൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.
ടാൻഡൻ, യെല്ലൻ, എന്നിവരുടെ നാമനിർദേശം ഉടൻ പ്രഖ്യാപിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. നിലവിൽ യുഎസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക മാന്ദ്യത്തോടുള്ള ബൈഡൻ ഭരണകൂടത്തിന്‍റെ പ്രതികരണം രൂപപ്പെടുത്തുന്നതിൽ ടാൻഡൻ പ്രധാന പങ്ക് വഹിക്കുമെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
മുൻ സ്റ്റേറ്റ് സെക്രട്ടറിയും 2016ലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർത്ഥിയുമായ ഹിലരി ക്ലിന്‍റന്‍റെ സഹായായിരുന്നു നീര ടാൻഡൻ. പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റി ലേബർ ഇക്കണോമിസ്റ്റായ സിസിലിയ റൂസിനെ കൗൺസിൽ ഓഫ് ഇക്കണോമിക് അഡ്വൈസേഴ്‌സിന്‍റെ ചെയർമാനായി തെരഞ്ഞെടുക്കാനാണ് സാധ്യത. അഡെവാലെ വാലി അഡെമോയെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറിയായി നാമനിർദേശം ചെയ്യാനും സാധ്യതയുണ്ട്. സാമ്പത്തിക ഉപദേഷ്ടാക്കളുടെ കൗൺസിൽ അംഗങ്ങളായി ജേർഡ് ബെർൺസ്റ്റൈൻ, ഹെതർ ബൗഷെ എന്നിവരെയും നാമനിർദേശം ചെയ്യുമെന്നും സൂചനയുണ്ട്.