വാഷിങ്‌ടണ്‍ : മാരകമായ പുതിയ കൊവിഡ് വകഭേദത്തിനെതിരെ മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. വിദഗ്‌ധര്‍ ഡെൽറ്റ വകഭേദമെന്ന് വിളിക്കുന്ന പുതിയ വകഭേദം മാരകവും വളരെ വേഗം പകരുന്നതാണെന്നും വാക്‌സിന്‍ സ്വീകരിക്കാത്തവരെ ഇത് കൂടുതല്‍ ദോഷകരമായി ബാധിച്ചേക്കാമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് പറഞ്ഞു.
എല്ലാവരും എത്രയും പെട്ടെന്ന് വാക്‌സിന്‍ എടുക്കണം. 150 ദിവസത്തിനിടെ 300 മില്യൺ വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്‌തിട്ടുണ്ട്. പ്രസിഡന്‍റായി താന്‍ അധികാരത്തിലേറിയ സമയത്ത് രാജ്യം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്കിപ്പുറം വൈറസ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.
Also read: ഡെല്‍റ്റ വകഭേദത്തിനെതിരെ ബൂസ്റ്റര്‍ ഷോട്ടുമായി സ്‌പുട്‌നിക് വി
വാക്‌സിനേഷന്‍ കൂടുതല്‍ നടന്ന സ്ഥലങ്ങളിൽ മരണങ്ങളും കേസുകളും ഗണ്യമായി കുറയുന്നു. എന്നാല്‍ വാക്‌സിനേഷൻ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിൽ കേസുകള്‍ കുറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തെ പ്രായപൂര്‍ത്തിയായ 65 ശതമാനം പേരും കുറഞ്ഞത് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യയിൽ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദം സ്ഥിരീകരിയ്ക്കുകയും ആളുകളില്‍ അതിവേഗം പടരുകയും ചെയ്‌തതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതിനെ അപകടകരമായ വകഭേദങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.