ബാഗ്‌ദാദ്: യുഎസ് വ്യോമാക്രമണത്തില്‍ ഇറാന്‍ സൈനിക മേധാവി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇറാഖിലെ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി ബംഗ്ലാദേശ് എംബസി. ജോലി സ്ഥലങ്ങളും വസതികളും ഒഴികെ മറ്റൊരിടത്തേക്കും യാത്ര ചെയ്യരുതെന്നും ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും എംബസി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. എംബസി 24 മണിക്കൂറും നയതന്ത്ര സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുഎസ്- ഇറാഖ് സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ആദ്യ ദക്ഷിണേഷ്യന്‍ രാജ്യമാണ് ബംഗ്ലാദേശ്.
ബാഗ്‌ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിയന്‍ ഖുദ്‌സ് ഫോഴ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ബാഗ്‌ദാദിലെ അമേരിക്കന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് യുഎസ് വ്യോമാക്രമണം നടത്തിയത്.