കേപ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ 145 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 2,173 ആയി ഉയർന്നു. രാജ്യത്ത് രോഗം ബാധിച്ച് 25 പേർ മരിച്ചതായി ആരോഗ്യമന്ത്രി സ്വെലി മഖൈസ് പറഞ്ഞു. ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഗൗട്ടെങ് പ്രവിശ്യയിലാണ്. പടിഞ്ഞാറൻ കേപ് പ്രവിശ്യയിൽ 587 കേസുകളും ക്വാസുലു-നടാൽ പ്രവിശ്യയിൽ 443 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈസ്റ്റേൺ കേപ് പ്രവിശ്യയിലെ ജയിലിലെ 23 ഉദ്യോഗസ്ഥർക്കും മൂന്ന് തടവുകാർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 6 നാണ് ആദ്യ കേസ് രജിസ്റ്റർ ചെയ്തത്. ഈസ്റ്റ് ലണ്ടൻ മാനേജ്മെൻറ് ഏരിയയിലെ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും പരിശോധന തുടരുകയാണ്.
ഇതുവരെ രാജ്യത്ത് 80,085 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പൊതു ലബോറട്ടറികളിൽ നടത്തിയ ടെസ്റ്റുകളിൽ വർധനവുണ്ടായതായും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ 5,032 ടെസ്റ്റുകളിൽ 3,192 എണ്ണം പൊതു ലബോറട്ടറികളിലാണ് നടത്തിയത്.