ജോഹന്നാസ്‌ബർഗ്: കൊവിഡ് വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കാത്തതിനെ തുടർന്ന് പൂനെ സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് പണം തിരികെ നൽകി. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വകഭേദത്തിന് ഈ കൊവിഡ് വാക്‌സിൻ ഫലപ്രദമല്ലാത്തതിനെ തുടർന്നാണ് 500,000 ഡോസ് വാക്‌സിന്‍റെ പണം തിരികെ നൽകിയത്.
പണം തിരികെ ലഭിച്ചതായി ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ മന്ത്രി അറിയിച്ചു. ആഫ്രിക്കൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലേക്കും കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തിരുന്നു. അസ്‌ട്രാസെനെക്കയുടെ പ്രവർത്തനങ്ങൾക്ക് തങ്ങൾ പൂർണ പിന്തുണ നൽകുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. മറ്റ് വിതരണക്കാരിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് വാക്‌സിൻ എത്തിക്കുന്നതിനായുള്ള പദ്ധതികളും അദ്ദേഹം വിശദീകരിച്ചു. ജോൺസൺ ആൻഡ് ജോൺസൺ, ഫൈസർ എന്നീ കമ്പനിയുമായി ഉണ്ടാക്കിയ കരാറനുസരിച്ച് യഥാക്രമം 31 ദശലക്ഷം, 20 ദശലക്ഷം കൊവിഡ് വാക്‌സിനുകളാണ് രാജ്യത്തേക്ക് ലഭിക്കാൻ പോകുന്നത്.
ദക്ഷിണാഫ്രിക്കയിൽ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവർക്കുമാണ് വിതരണം ചെയ്തത്. ബാക്കിയുള്ളവർക്ക് മൂന്നാം ഘട്ടത്തിൽ വിതരണം ചെയ്യും. ഒരു വർഷത്തിനുള്ളിൽ കൊവിഡിനെ പ്രതിരോധിക്കാനുള്ള ശക്തി കൈവരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കു വച്ചു.