കെയ്റോ: മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങി ഒരാഴ്ചയോളം തടസം സൃഷ്ടിച്ച ഭീമൻ ചരക്ക് കപ്പലായ എവർ ഗിവൺ കപ്പലിന്‍റെ ഉടമസ്ഥനിൽ നിന്നും 550 ദശലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഈജിപ്ഷ്യൻ അധികൃതർ.
ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി തുടക്കത്തിൽ 920 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കപ്പൽ വീണ്ടും ചലിപ്പിക്കാൻ 600ലധികം തൊഴിലാളികളെ ആവശ്യമായി വന്നുവെന്നും രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു കപ്പൽ മുങ്ങിയപ്പോൾ കൊല്ലപ്പെട്ട തൊഴിലാളിയുടെ നഷ്ടപരിഹാരം കൂടി ഉൾപ്പെടുത്തിയാണ് ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും കനാൽ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
Also Read: രാജ്യത്ത് 1,52,734 കൊവിഡ് കേസുകള്‍ കൂടി; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധന
ആവശ്യപ്പെടുന്ന നഷ്ടപരിഹാര തുക ന്യായമാണെന്ന് വാദിച്ച ഉദ്യോഗസ്ഥർ, കപ്പലിന്റെ ഉടമ ഷൂയി കിസെൻ കൈഷ 150 ദശലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരമായി നൽകാമെന്ന് വാഗ്ദാനം ചെയ്തതായും അറിയിച്ചു.
നിലവിൽ ഈജിപ്തിൽ തുടരുന്ന എവർ ഗിവൺ കപ്പൽ നഷ്ടപരിഹാരം ലഭിക്കാത്തിടത്തോളം വിട്ടുകൊടുക്കേണ്ടെന്നാണ് കോടതി വിധിയെന്നും അധികൃതര്‍ പറയുന്നു.
മാർച്ച് 23ന് കനാലിൽ കുടുങ്ങിയ കപ്പൽ ആറ് ദിവസമാണ് ഗതാഗത തടസം സൃഷ്ടിച്ചത്. മാർച്ച് 29ന് 15 ടഗ് കപ്പലുകൾ ഉപയോഗിച്ചാണ് കപ്പൽ മാറ്റിയത്. കപ്പൽ കുടുങ്ങിയതു കൊണ്ട് ആഗോള വ്യാപാരത്തിന് ഉണ്ടായ നഷ്ടം ഒരു ബില്ല്യൺ യുഎസ് ഡോളറാണെന്നാണ് കനാൽ അതോറിറ്റി കണക്കാക്കുന്നത്.