എറണാകുളം : മലയാള സിനിമ പ്രേക്ഷകർക്ക് കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിച്ച മമ്മൂട്ടി കമ്പനിയുടെ (Mammootty company) ബിഗ് ബജറ്റ് ചിത്രം 'കണ്ണൂർ സ്‌ക്വാഡ്' (Kannur squad) നാളെ തിയേറ്ററുകളിലേക്കെത്തുകയാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ നടത്തുന്ന അന്വേഷണത്തിന്‍റെ കഥ പറയുന്നതാണ് ചിത്രം. 'ഭീഷ്‌മപർവ്വം', 'റോഷാക്ക്', 'നൻപകൽ നേരത്ത് മയക്കം', 'പുഴു' തുടങ്ങിയ ചിത്രങ്ങളിൽ നടനവിസ്‌മയം സൃഷ്‌ടിച്ച മെഗാ സ്‌റ്റാർ മമ്മൂട്ടിയുടെ (Mammotty) കണ്ണൂർ സ്‌ക്വാഡിലെ എഎസ്‌ഐ ജോർജിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
മുൻ കണ്ണൂർ എസ്‌പി എസ് ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്‍റെ ഭാഗമായ പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പൊലീസ് ഓഫിസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് മുന്നോട്ടുള്ള യാത്ര. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ (Kannur Squad Releasing Date).
കണ്ണൂർ സ്ക്വാഡിനെ ആസ്‌പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്‌ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. വിജയരാഘവൻ അവതരിപ്പിക്കുന്ന ചിത്രത്തിലെ കണ്ണൂർ എസ്‌പി കാസർകോട് എസ്‌പിയുടെ അധികാരപരിധിയിൽ വരുന്നുണ്ടെങ്കിലും ടീമിനെ ഏറ്റെടുക്കാൻ ആവശ്യപ്പെടുന്ന ഒരു കേസിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് അടുത്തിടെ നടന്ന ഏതാനും പ്രമോഷണൽ അഭിമുഖങ്ങളിൽ മമ്മൂട്ടി പറഞ്ഞിരുന്നു. 2007നും 2013നും ഇടയിൽ സംഭവിക്കുന്നവയാണ്, എന്നാൽ പ്രധാനമായും രണ്ട് കേസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ചിത്രം.
സിനിമയുടെ തിരക്കഥയൊരുക്കിയ റോണിയും മുഹമ്മദ് ഷാഫിയും 2018ൽ കണ്ണൂർ സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെയാണ് ആദ്യം ബന്ധപ്പെട്ടത്. യഥാര്‍ഥത്തില്‍ നടന്ന ഒരുപാട് സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രത്തിനായി അവരുടെ ഇൻപുട്ടുകളാണ് ഉപയോഗിച്ചത് എന്ന് നേരത്തേ പുറത്തുവന്ന അഭിമുഖങ്ങളിൽ ഇവര്‍ വെളിപ്പെടുത്തിയിരുന്നു. റോബി വർഗീസ് രാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങിയ ത്രില്ലര്‍ ക്രൈം ഡ്രാമയാണ് കണ്ണൂർ സ്ക്വാഡ്.
കന്നഡ നടൻ കിഷോർ, വിജയരാഘവൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒരുമിക്കുന്ന ചിത്രം തിയേറ്റർ എക്‌സ്‌പീരിയൻസ് നൽകുന്നതുമാണ്.
'2018' രാജ്യത്തിന്‍റെ ഔദ്യോഗിക എന്‍ട്രി : അതേസമയം, '2018; എവരി വൺ ഈസ് എ ഹീറോ' എന്ന മലയാള ചിത്രം ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. വിദേശ ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലേക്കാണ് ഇന്ത്യയുടെ പ്രതിനിധിയായി '2018' മത്സരിക്കുക. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ഇക്കാര്യം അറിയിച്ചത് (The film "2018-Everyone is a Hero" represents India and the theme of the film is calamity humans face: Film Federation of India). ചിത്രത്തിലെ പ്രകടനത്തിന് ടൊവിനോ തോമസിന് സെപ്‌റ്റിമിയസ് അവാര്‍ഡില്‍ മികച്ച ഏഷ്യന്‍ നടന്‍ എന്ന പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് 2018ലെ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടെന്ന വാര്‍ത്ത വരുന്നത്.