ധോണി എന്‍റർടെയ്‌ൻമെന്‍റ്‌സിന്‍റെ (Dhoni Entertainment) ആദ്യ നിർമാണ സംരംഭം 'എൽജിഎം' (ലെറ്റ്സ് ഗെറ്റ് മാരീഡ് LGM - Let's Get Married). മികച്ച പ്രതികരണം നേടുന്നു. രമേഷ് തമിഴ്‌മണി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത 'എൽ.ജി.എം.' ജൂലായ് 28 വെള്ളിയാഴ്‌ചയാണ് തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിൽ തിയേറ്റർ റിലീസ് ചെയ്‌തത്. ഹരീഷ് കല്യാൺ, ഇവാന, നദിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഒരു ഫാമിലി എന്‍റർടെയ്‌നറായാണ് 'എൽ.ജി.എം.' അണിയിച്ചൊരുക്കിയത്. പ്രണയം, സൗഹൃദം, കുടുംബ ബന്ധം, വിനോദം, നർമം, സംഗീതം, തുടങ്ങി പല തലങ്ങളിലൂടെ ചിത്രം സഞ്ചരിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ഇപ്പോൾ പ്രേക്ഷക ഹൃദയം കീഴടക്കി ചിത്രം മുന്നേറിക്കൊണ്ടിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യോഗി ബാബു, മിർച്ചി വിജയ് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം ഓഗസ്റ്റ് നാലിന് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ചിത്രം റിലീസ് ചെയ്യും.
നേരത്തെ 'എൽജിഎം' സിനിമയുടെ ഓഡിയോ - ട്രെയിലർ ലോഞ്ചിൽ ധോണിയും ഭാര്യ സാക്ഷി ധോണിയും പങ്കെടുത്തിരുന്നു. ട്രെയിലർ ലോഞ്ചിനിടെയുള്ള താരത്തിന്‍റെ പ്രതികരണവും ശ്രദ്ധയാകർഷിച്ചിരുന്നു. "എന്‍റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം നടന്നത് ചെന്നൈയിലാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ഞാൻ ഏറ്റവും കൂടുതൽ റൺസ് നേടിയത് ചെന്നൈയിൽ വച്ചാണ്. ഇപ്പോഴിതാ ഞാൻ ആദ്യമായി നിർമിക്കുന്ന ചിത്രവും തമിഴിലാണ്. എനിക്ക് ചെന്നൈ വളരെ സ്‌പെഷ്യൽ ആണ്. വളരെക്കാലമായി ഞാൻ ഇവിടെയുണ്ട്. എന്നെ ഇതിനകം ഈ നാട് ദത്തെടുത്തു കഴിഞ്ഞു'- എന്നായിരുന്നു ചടങ്ങിനിടെ വികാരാധീനനായി ധോണി പറഞ്ഞത്.
ഒരിടവേളയ്‌ക്ക് ശേഷം ഹരീഷ് കല്യാൺ ബിഗ് സ്‌ക്രീനിൽ തിരിച്ചെത്തിയിരിക്കുകയാണ് ‘ലെറ്റ്സ് ഗെറ്റ് മാരീഡി'ലൂടെ. പ്രദീപ് രംഗനാഥന്‍റെ (Pradeep Ranganathan) 'ലവ് ടുഡേ' (Love Today) എന്ന ചിത്രത്തിന് ശേഷം ഇവാന നായികയായി എത്തിയ ചിത്രം കൂടിയാണ് ‘ലെറ്റ്സ് ഗെറ്റ് മാരീഡ്. ചിത്രം ഒരു ഫാമിലി എന്‍റർടെയ്‌നറാണെന്നും പ്രേക്ഷകരെ ഏറെ രസിപ്പിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും സംവിധായകൻ രമേഷ് തമിഴ്‌മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വിശ്വജിത് ഒടുക്കത്തിൽ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ രമേഷ് തമിൽമണിയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നതും.
'ഡ്രീം ഗേൾ വീണ്ടും': ആയുഷ്‌മാൻ ഖുറാനയും അനന്യ പാണ്ഡെയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 'ഡ്രീം ഗേൾ 2' വരുന്നു. ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തുവന്നു. ചിത്രത്തിന്‍റെ ട്രെയിലർ നാളെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിക്കുന്നതാണ് പുതിയ ടീസർ.
2019ൽ പുറത്തിറങ്ങിയ കോമഡി ചിത്രം 'ഡ്രീം ഗേളി'ന്‍റെ തുടർച്ചയാണ് 'ഡ്രീം ഗേൾ 2'.ബോക്‌സോഫിസിൽ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച ഹിറ്റ് ചിത്രമായിരുന്നു 'ഡ്രീം ഗേൾ'. രാജ് ശാന്തില്യ ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്. ആദ്യ ഭാഗത്തെ പോലെ 'ഡ്രീം ഗേൾ 2'വും മികച്ച വിജയം നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.
പരേഷ് റാവൽ, അന്നു കപൂർ, സീമ പഹ്വ, ഗോവർദ്ധൻ അസ്രാണി, വിജയ് റാസ്, മനോജ് ജോഷി, മൻജോത് സിങ്, സുധേഷ് ലെഹ്‌രി, അനുഷ മിശ്ര, രാജ്‌പാൽ യാദവ്, അഭിഷേക് ബാനർജി എന്നിവരാണ് ആയുഷ്‌മാൻ, അനന്യ എന്നിവരെ കൂടാതെ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
READ MORE: Dream Girl 2| 'ഡ്രീം ഗേൾ' തിരിച്ചുവരുന്നു; ട്രെയിലർ റിലീസ് നാളെ