മലയാള സിനിമാസ്വാദകരുടെ ഇഷ്‌ട താരങ്ങളായ അന്‍സണ്‍ പോളും സ്‌മിനു സിജോയും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. 'റാഹേൽ മകൻ കോര' എന്ന ചിത്രത്തിലാണ് മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ അൻസൻ പോളും സമീപകാലത്ത് അമ്മ വേഷങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച സ്‌മിനു സിജോയും പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
ഒരു നാട്ടിൻപുറത്തെ സാധാരണ കുടുംബത്തിലെ അമ്മയുടെയും മകന്‍റെയും അയാളുടെ പ്രണയിനിയുടെയും സംഭവബഹുലമായ ജീവിതകഥ പറയുന്ന ചിത്രമാണ് 'റാഹേൽ മകൻ കോര'. ഉബൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒട്ടേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് 'റാഹേൽ മകൻ കോര' എന്ന ഈ ചിത്രം.
അൽത്താഫ് സലിം, മനു പിള്ള, മെറിൻ ഫിലിപ്പ്, വിജയകുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നു. എസ് കെ ജി ഫിലിംസിന്‍റെ ബാനറിൽ ഷാജി കെ ജോർജ് ആണ് 'റാഹേൽ മകൻ കോര'യുടെ നിർമാണം. ബേബി എടത്വയാണ് ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.
ഷിജി ജയദേവൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അബു താഹിർ ആണ്. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് ഈണം പകരുന്നു. ദിലീപ് ചാമക്കാലയാണ് ചിത്രത്തിന്‍റെ പ്രൊഡക്ഷൻ കൺട്രോളർ.
അസോസിയേറ്റ് ഡയറക്‌ടർമാർ - ജോമോൻ എടത്വ, ശ്രിജിത്ത് നന്ദൻ, ഫിനാൻസ് കൺട്രോളർ - ഷെബിൻ ചാക്കോ അറക്കത്തറ, സൗണ്ട് ഡിസൈനർ - ധനുഷ് നായനാർ, മേക്കപ്പ് - സിജേഷ് കൊണ്ടോട്ടി, കോസ്റ്റ്യൂം ഡിസൈനര്‍ - ഗോകുൽ മുരളി, വിപിൻ ദാസ്, ആർട്ട് - വിനീഷ് കണ്ണൻ, വിഎഫ്എക്‌സ് - സിജി ഐ വിഎഫ്എക്‌സ്, സ്റ്റിൽസ് - അജേഷ് ആവണി, ശ്രീജിത്ത്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ് എന്നിവർ മറ്റ് അണിയറ പ്രവർത്തകരാണ്.
'വാതില്‍' പുതിയ പോസ്റ്റർ പുറത്ത്: സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന 'വാതില്‍' എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ട്, കൃഷ്‌ണ ശങ്കര്‍, അനു സിത്താര, മെറിൻ ഫിലിപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഓഗസ്റ്റ് 31ന് റിലീസിനെത്തും.
കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്‍റെ ടീസർ ഏറെ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ പുതിയ പോസ്റ്ററും ശ്രദ്ധയാകർഷിക്കുകയാണ്. ഓരോ വാതിലുകളും ഓരോ പ്രതീക്ഷകളാണ് എന്ന വാചകത്തോടെയാണ് ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
സ്‌പാര്‍ക്ക് പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ സുജി കെ ഗോവിന്ദ് രാജ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം. സുനില്‍ സുഖദ, ഉണ്ണിരാജ്, അബിന്‍ ബിനോ, വി കെ ബെെജു, അഞ്ജലി നായര്‍, സ്‌മിനു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.