ചുരുങ്ങിയ സമയം കൊണ്ടുതന്നെ മലയാളി സിനിമാസ്വാദകരുടെ മനസിലേക്ക് ചേക്കേറിയ അഭിനേത്രിയാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന വിൻസി ഇന്ന് സംസ്ഥാന പുരസ്‌കാരത്തിന്‍റെ നിറവിലാണ്. 'രേഖ' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിൻസിയെ സംസ്ഥാന പുരസ്‌കാരം തേടിയെത്തിയത്. തന്‍റെ പുത്തൻ സിനിമ വിശേഷങ്ങളും മമ്മൂക്ക കാരണം പേര് മാറ്റിയ കഥയും ഇടിവി ഭാരതുമായി പങ്കുവയ്‌ക്കുകയാണ് വിൻസി അലോഷ്യസ്.
'നായിക നായകൻ' എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് വിൻസി അലോഷ്യസ്. 2019ൽ സുരാജ് വെഞ്ഞാറമ്മൂടും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിൽ എത്തിയ 'വികൃതി' ആയിരുന്നു വിൻസിയുടെ ആദ്യ ചിത്രം. തുടർന്ന് 'കനകം കാമിനി കലഹം', 'ഭീമന്‍റെ വഴി', 'ജനഗണമന', 'സോളമന്‍റെ തേനീച്ചകൾ', 'രേഖ', 'പത്മിനി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ വിൻസി മലയാളികൾക്ക് സുപരിചിതയായി മാറി.
നായികയോ സഹതാരമോ ആയിക്കൊള്ളട്ടെ, വിൻസിയെ തേടിവരുന്ന കഥാപാത്രങ്ങൾക്ക് അതാത് സിനിമകളിൽ ഏറെ പ്രാധാന്യമുണ്ടാകും. ആദ്യ കാലത്ത് കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്ന് വിൻസി ഓർക്കുന്നു. കോമിക് കഥാപാത്രമായ ശിക്കാരി ശംഭുവിനെ ഉപമിച്ചു കൊണ്ടാണ് തന്‍റെ കഴിഞ്ഞ കാലത്തെക്കുറിച്ച് വിൻസി ചിരിച്ചുകൊണ്ട് സംസാരിച്ചത്.
'തേടിവരുന്ന കഥാപാത്രങ്ങൾ ഉപേക്ഷിച്ചാൽ പിന്നീട് കഥാപാത്രങ്ങൾ കിട്ടാതിരിക്കുകയോ ഉപേക്ഷിച്ച കഥാപാത്രങ്ങൾ മറ്റാരെങ്കിലും ചെയ്‌ത് ശ്രദ്ധിക്കപ്പെടുകയോ ചെയ്‌താൽ വളരെയധികം നഷ്‌ടബോധം ഉണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാൻ തേടി വന്ന കഥാപാത്രങ്ങൾ എല്ലാം തെരഞ്ഞെടുക്കുമായിരുന്നു. അവതരിപ്പിച്ച കഥാപാത്രങ്ങൾ ഒക്കെയും പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ടു എന്നതും, സിനിമയിൽ ആ കഥാപാത്രത്തിന് പ്രാധാന്യമുണ്ടായി എന്നതുമൊക്കെ ഭാഗ്യമായാണ് കരുതുന്നത്. ഇതുവരെയുള്ള യാത്ര പോലെയല്ല ഇനി. ഇനിയുള്ള സിനിമകൾ ഒക്കെയും കൃത്യമായി ചിന്തിച്ച് മനസിലാക്കിയ ശേഷം മാത്രമേ തെരഞ്ഞെടുക്കുകയുള്ളൂ' - വിൻസി പറയുന്നു.
നവംബർ 17ന് പുറത്തിറങ്ങാൻ ഇരിക്കുന്ന 'ഫേസ് ഓഫ് ദി ഫേസ്‌ലസ്' എന്ന ചിത്രമാണ് വിൻസിയുടേതായി ഇനി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഹിന്ദി ഭാഷയിൽ ഒരുങ്ങിയ ചിത്രത്തിന്‍റെ മലയാള പരിഭാഷയാണ് കേരളത്തിൽ റിലീസ് ചെയ്യുക. ചിത്രത്തിനായി ഹിന്ദി പഠിച്ചതും നോർത്ത് ഇന്ത്യയിലെ 48 ഡിഗ്രി ചൂടിൽ ചിത്രീകരണം പൂർത്തിയാക്കിയതും ഒക്കെ വിൻസി ഓർത്തെടുത്തു.
ആദിവാസികളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിച്ച വാഴ്‌ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിതമാണ് ചിത്രത്തിന് ആധാരം. ചിത്രീകരണം നടന്ന വനാന്തര ഭാഗത്ത് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനങ്ങൾ പോലും ഇല്ലായിരുന്നു. ആ ഗ്രാമത്തിലുള്ളവർ ചെയ്യുന്നതുപോലെ ജീവിത സാഹചര്യങ്ങൾ ചിത്രീകരണത്തിനായി മാറ്റിയെടുത്തു.
സിസ്റ്റർ റാണി മരിയയുമായുള്ള രൂപ സാദൃശ്യമാണ് അണിയറ പ്രവർത്തകർ വിൻസിയിലേക്ക് എത്തുന്നതിന് കാരണമായത്. ഇതുവരെയുള്ള സിനിമ ജീവിതം പഠിപ്പിച്ചത് അഹങ്കരിക്കരുത് എന്നതാണ്. ഓരോ സിനിമയും ഓരോന്ന് പഠിപ്പിക്കും. ഇപ്പോൾ പഠിച്ച കാര്യമാണിത്. "പൊങ്ങരുത്" എന്ന് സ്വതസിദ്ധമായ ഭാഷയിൽ വിൻസി പറഞ്ഞുവച്ചു.
രേഖ എന്ന കഥാപാത്രം തേടിയെത്തുമ്പോൾ ഒരിക്കലും ചിത്രം സംസ്ഥാന പുരസ്‌കാരം വരെ എത്തുമെന്ന് കരുതിയിരുന്നില്ല. കഥ കേട്ട് തുടങ്ങിയപ്പോൾ ഇഷ്‌ടപ്പെട്ടിരുന്നു എങ്കിലും കഥാപാത്രത്തിന് ഒരുപാടൊക്കെ ചെയ്യാനുണ്ടെന്ന് കരുതിയതുമില്ല. എന്നാൽ രണ്ടാം പകുതി കേട്ടു കഴിഞ്ഞതോടെ ചിത്രത്തിൽ എന്തൊക്കെയോ ഉണ്ടെന്നു തോന്നി. ചിത്രീകരണം സുഗമമായി നടന്നു.
സിനിമയുടെ ചിത്രീകരണം തീരുന്ന ദിവസം എല്ലാവരും ചേർന്ന് നൽകിയ മോഹമാണ് പുരസ്‌കാരം. അതങ്ങനെ സംഭവിച്ചു. പുരസ്‌കാര നേട്ടത്തിന് പിന്നാലെ മമ്മൂക്ക അഭിനന്ദനം അറിയിച്ചുകൊണ്ട് വാട്‌സ്‌ആപ്പിൽ അയച്ച മെസേജും അത് തന്ന ആത്മവിശ്വാസം തന്‍റെ പേരു തന്നെ മാറ്റിയതിനെക്കുറിച്ചും വിൻസി വാചാലയായി.
ന്യൂമറോളജിയിൽ ഒന്നും വിശ്വസിക്കുന്നില്ല. പക്ഷേ മമ്മൂക്ക വിൻസി എന്നയച്ച സ്‌പെല്ലിങ് വല്ലാതെ ആകർഷിച്ചു. 'Wincy' എന്നായിരുന്നു മമ്മൂട്ടി അഭിസംബോധന ചെയ്‌തത്. ഇത് കണ്ടതും തുടർന്ന് ഈ പേരിൽ അറിയപ്പെടാൻ ആഗ്രഹം തോന്നി. വിളിക്കുമ്പോൾ പേര് മാറുന്നില്ലെങ്കിലും എഴുതുമ്പോൾ പെരുമാറി. 'മാരിവില്ലിൻ ഗോപുരങ്ങൾ', 'ഒരു പഴഞ്ചൻ പ്രണയകഥ' തുടങ്ങിയ നിരവധി ചിത്രങ്ങളാണ് വിൻസിയുടെതായി റിലീസിനൊരുങ്ങുന്നത്.