പുതുമുഖ താരം വിക്രാന്ത് (Vikranth) നായകനായി എത്തുന്ന ചിത്രം 'സ്‌പാര്‍ക്ക് ലൈഫ്' (Spark Life) റിലീസിനൊരുങ്ങുന്നു. നവംബര്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ബിഗ് ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിൽ ഒരേസമയം തിയേറ്ററുകളില്‍ എത്തും.
മെഹ്‌റീൻ പിർസാദ, രുഷ്‌കർ ദിലോണ്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. വിക്രാന്ത് തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഡീപ് ഫ്രോഗ് പ്രൊഡക്ഷൻസ് ആണ് 'സ്‌പാര്‍ക്ക് ലൈഫി'ന്‍റെ സംവിധാനവും നിര്‍മാണവും.
അടുത്തിടെ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. നിലവില്‍ 'സ്‌പാര്‍ക്ക് ലൈഫി'ന്‍റെ പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികള്‍ പുരോഗമിക്കുകയാണ്. 'സ്‌പാര്‍ക്ക് ലൈഫി'ന്‍റെ ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നു. പ്രണയവും വികാരങ്ങളും ഒപ്പം ആക്ഷൻ രംഗങ്ങളും അടങ്ങുന്നതാണ് 'സ്‌പാര്‍ക്ക് ലൈഫ്' എന്നാണ് പുറത്തിറങ്ങിയ ടീസര്‍ നല്‍കുന്ന സൂചന.
സിനിമയില്‍ ഗുരു സോമസുന്ദരം സുപ്രധാന വേഷത്തില്‍ എത്തുന്നു. വില്ലനായാണ് ഗുരു സോമസുന്ദരം 'സ്‌പാര്‍ക്ക് ലൈഫി'ല്‍ എത്തുന്നത് എന്നാണ് സൂചന. സുഹാസിനി മണിരത്നം, നാസർ, സത്യ, വെണ്ണല കിഷോർ, ബ്രഹ്‌മാജി, ശ്രീകാന്ത് അയ്യങ്കാർ, ചമ്മക് ചന്ദ്ര, രാജ രവീന്ദ്ര, അന്നപൂർണമ്മ തുടങ്ങി നിരവധി പേരും ചിത്രത്തിൽ അണിനിരക്കും.
Also Read:പാൻ ഇന്ത്യൻ ചിത്രം 'സ്‌പാർക്ക് ലൈഫ്'; തീപ്പൊരി ടീസർ പുറത്ത്
ഹൃദയം', 'കുഷി' എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ഗാനങ്ങൾ ഒരുക്കിയ ഹിഷാം അബ്‌ദുൽ വഹാബാണ് 'സ്‌പാര്‍ക്ക് ലൈഫി'ന് വേണ്ടിയും ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. അശോക് കുമാറിന്‍റെ ഛായാഗ്രാഹണവും ഹിഷാം അബ്‌ദുൽ വഹാബിന്‍റെ പശ്ചാത്തല സംഗീതവും സിനിമയുടെ ഹൈലൈറ്റായി മാറുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ഉറപ്പ്. ഒരു മുഴുനീള ആക്ഷൻ ത്രില്ലറായി തിയേറ്ററുകളില്‍ എത്തുന്ന ചിത്രം, പ്രേക്ഷകർക്ക് ഏറ്റവും മികച്ച ദൃശ്യാനുഭവം നൽകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.
'നേര്‍ച്ചപ്പെട്ടി'യും റിലീസിനൊരുങ്ങുന്നു: അതേസമയം 'നേര്‍ച്ചപ്പെട്ടി'യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു മലയാള ചിത്രം. വിവാദങ്ങള്‍ക്കൊടുവിലാണ് 'നേര്‍ച്ചപ്പെട്ടി' തിയേറ്ററുകളില്‍ (Nerchappetty Movie Release) എത്തുക. ബാബു ജോൺ കൊക്കാവയൽ കഥ എഴുതി സംവിധാനം ചെയ്‌ത ചിത്രം (Nerchappetty) സെപ്റ്റംബർ 8നാണ് റിലീസിനെത്തുന്നത്.
പുതുമയുള്ള കഥയും പശ്ചാത്തലവുമാണ് സിനിമയുടേത്. ഇതു തന്നെയാണ് മറ്റ് ചിത്രങ്ങളിൽ നിന്നും 'നേര്‍ച്ചപ്പെട്ടി'യെ വ്യത്യസ്‌തമാക്കുന്നതും. മലയാള സിനിമയില്‍ അധികമാരും പറയാത്ത കഥയാണ് ചിത്രം പറയുന്നത്. ഒരു കന്യാസ്ത്രീയുടെ പ്രണയമാണ് ചിത്ര പശ്ചാത്തലം.
മലയാളം - തമിഴ് സിനിമകളിലൂടെ ശ്രദ്ധേയയായ നൈറ നിഹാർ ആണ് 'നേര്‍ച്ചപ്പെട്ടി'യിലെ നായിക. ജസ്‌റ്റിന എന്ന കന്യാസ്ത്രീയുടെ കഥാപാത്രത്തെയാണ് സിനിമയില്‍ നൈറ നിഹാര്‍ അവതരിപ്പിക്കുന്നത്. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ പരസ്യ ചിത്രങ്ങളിലൂടെയും മോഡലിങ് രംഗത്തിലൂടെയും ശ്രദ്ധേയനായ അതുൽ സുരേഷ് ആണ് ചിത്രത്തിലെ നായകന്‍.
ഉദയകുമാർ, ഷാജി തളിപ്പറമ്പ്, മോഹൻ തളിപ്പറമ്പ്, വിദ്യൻ കനകത്തിടം, ശ്യാം കൊടക്കാട് മനോജ് ഗംഗാധർ, പ്രസീജ് കുമാർ, രാജീവ് നടുവനാട്, സദാനന്ദൻ ചേപ്പറമ്പ്, രാലജ് രാജൻ, സിനോജ് മാക്‌സ്, നസീർ കണ്ണൂർ, ജയചന്ദ്രൻ പയ്യന്നൂര്‍, പ്രഭുരാജ്, ശ്രീവേഷ്‌കർ, ശ്രീഹരി, റെയ്‌സ് പുഴക്കര, സജീവൻ പാറക്കണ്ടി, ബിജു കല്ലുവയൽ, മാസ്‌റ്റര്‍ ധ്യാൻ കൃഷ്‌ണ, വീണ, രേഖ സജിത്ത്, അനഘ മുകുന്ദൻ, പ്രസീത അരൂർ,ജോയ്‌സി, അശ്വിനി രാജീവൻ, ശ്രീകല, ജയിൻ മേരി, അഹല്യ, പ്രബുദ്ധ സനീഷ്, വിദ്യ, രതി ഇരിട്ടി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഉജ്ജയിനി പ്രൊഡക്ഷൻസ്, സ്കൈഗേറ്റ് ഫിലിംസ് എന്നിവരുമായി സഹകരിച്ച് ഉദയകുമാർ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സാൻഹ ആർട്ട്സ് ആണ് 'നേര്‍ച്ചപ്പെട്ടി'യെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.