മലയാള സിനിമയ്‌ക്ക് വ്യത്യസ്‌തമാര്‍ന്ന സിനിമകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ കെജി ജോര്‍ജിന്‍റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കേരള രാഷ്‌ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍. മന്ത്രി ഡോ ആര്‍ ബിന്ദു, മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ തുടങ്ങി നിരവധി രാഷ്‌ട്രീയ പ്രമുഖരാണ് സംവിധായകന്‍ കെജി ജോര്‍ജിന് ഫേസ്‌ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
കാലം കടഞ്ഞെടുത്ത പ്രൗഢ ശില്‍പങ്ങളായി കെജി ജോര്‍ജിന്‍റെ സിനിമകള്‍ എക്കാലവും ഞങ്ങൾക്കൊപ്പം ഉണ്ടാവുമെന്നാണ് മന്ത്രി ആര്‍ ബിന്ദു ഫേസ്‌ബുക്കില്‍ കുറിച്ചത്. 'സ്വയം തീര്‍ക്കുന്ന അരക്കില്ലങ്ങളായി മാറുന്ന ബന്ധങ്ങളെ കുറിച്ച്.. അസംതൃപ്‌തിയുടെ ഉഷ്‌ണം നിറഞ്ഞ തീക്കൂനകളായ ദാമ്പത്യങ്ങളെ കുറിച്ച്.. എത്ര എത്ര മനുഷ്യ ബന്ധ തീവ്രത മുറ്റിയ ചലച്ചിത്രങ്ങൾ.. സ്വയം അറിയാതെ മനുഷ്യൻ അവരവരില്‍ ഉണ്ടാക്കുന്ന ദുരന്തങ്ങളുടെ പ്രതീകങ്ങളായ എത്ര കഥാപാത്രങ്ങൾ.. ഓർക്കാൻ ഒരു പിടിയുണ്ട് ശ്രീ കെജി ജോർജ് സൃഷ്‌ടിച്ച് നമുക്ക് സമ്മാനിച്ച ചലച്ചിത്രങ്ങൾ.
ക്ലാസിക് കൃതികളുടെ അനുപമ സൗന്ദര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നവ ആണതിൽ ഏറെയും. സക്രിയമായ കലാജീവിതത്തിൽ നിന്ന് പിൻവാങ്ങിയ ശേഷമുള്ള പതിറ്റാണ്ടുകളിലും പുതു തലമുറ ചലച്ചിത്ര പ്രണയികളും സാങ്കേതിക വിദഗ്‌ധരും വിദ്യാർത്ഥികളും ആ സിനിമകളെയും കഥാപാത്രങ്ങളെയും അപഗ്രഥിക്കുന്നു! അതിലേറെ ചരിതാർത്ഥ്യം എന്തുണ്ടാവാൻ ഒരു കലാജീവിതത്തിന്! വിട പറയുന്നില്ല. കാലം കടഞ്ഞെടുത്ത പ്രൗഢ ശില്‍പങ്ങളായി താങ്കളുടെ ചലച്ചിത്രങ്ങൾ എക്കാലവും ഞങ്ങൾക്കൊപ്പം ഉണ്ടാവും.' -മന്ത്രി ആര്‍ ബിന്ദു കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
മലയാള സിനിമയിൽ പുതിയ മാതൃക സൃഷ്‌ടിച്ച സംവിധായകരില്‍ ഒരാളാണ് കെജി ജോർജ് എന്നാണ് മന്ത്രി പി രാജീവ് ഫേസ്‌ബുക്കില്‍ കുറിച്ചത്. മരണമില്ലാത്ത അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ ചലച്ചിത്ര ആസ്വാദകർക്കിടയിൽ കെജി ജോര്‍ജ് എന്നും അനശ്വരനായിരിക്കുമെന്നും മന്ത്രി പറയുന്നു.
'മലയാള സിനിമയിൽ പുതിയ പാത സൃഷ്‌ടിച്ചവരില്‍ ഒരാളായ വിഖ്യാത സംവിധായകൻ കെ ജി ജോർജിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമയിൽ പുതിയ മാതൃക സൃഷ്‌ടിച്ച സംവിധായകരില്‍ ഒരാളാണ് കെജി ജോർജ്. രാഷ്ട്രീയ സാമൂഹ്യ ജീവിത പ്രശ്‌നങ്ങളെ ഇതിവൃത്തമാക്കിയുള്ള കെജി ജോർജ് സിനിമകൾ എക്കാലവും മലയാളികൾക്ക് സ്വന്തം ജീവിത പരിസരത്ത് നടക്കുന്ന കാര്യങ്ങളുമായി ചേർത്തുവയ്‌ക്കാന്‍ സാധിക്കുന്നവയാണ്.
യവനികയും ഇരകളും ഒക്കെ ഇന്നത്തെ തലമുറയിലെ സംവിധായകർക്ക് ഉൾപ്പെടെ റഫറൻസായി മാറിയിരിക്കുന്നു. അത്രമേൽ ആഴമേറിയ വിഷയങ്ങളിൽ മികവുറ്റ സിനിമകൾ, നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ. മരണമില്ലാത്ത ഈ സിനിമകളിലൂടെ ചലച്ചിത്ര ആസ്വാദകർക്കിടയിൽ അദ്ദേഹം അനശ്വരനായിരിക്കും' -മന്ത്രി പി രാജീവ് കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
അതുല്യ ചലച്ചിത്ര പ്രതിഭ പ്രിയപ്പെട്ട കെ ജി ജോർജിന് ആദരാഞ്ജലികൾ എന്നാണ് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്. മലയാള സിനിമയിൽ നവതരംഗത്തിന് വഴിവെട്ടിയ സംവിധായകനാണ് കെജി ജോര്‍ജ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മലയാള സിനിമയല്ല, തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെജി ജോര്‍ജ് എന്നും വിഡി സതീശന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'സ്വപ്‌നാടനം പോലെ ഒരു സിനിമാ ജീവിതം അതായിരുന്നു കെജി ജോർജ്. മലയാള സിനിമയിൽ നവതരംഗത്തിന് വഴിവെട്ടിയ സംവിധായകൻ. ന്യൂജെൻ എന്ന് നമ്മൾ ഇപ്പോൾ വിശേഷിപ്പിക്കുന്ന സിനിമകളുടെ തലതൊട്ടപ്പന്‍ ആയിരുന്നു അദ്ദേഹം. കഠിനമായ ജീവിത അവസ്ഥകളെ സത്യസന്ധമായി അവതരിപ്പിച്ച സിനിമകൾ. കലാമൂല്യവും വാണിജ്യ സാധ്യതയും ഒരു പോലെ നിലനിർത്തിയ കാലാതിവർത്തിയായ ചലച്ചിത്രങ്ങൾ.
- " class="align-text-top noRightClick twitterSection" data="">
ആദാമിന്‍റെ വാരിയെല്ല് ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച സ്ത്രീപക്ഷ സിനിമകളില്‍ ഒന്നാണ്. പ്രമേയത്തിലെ വ്യത്യസ്‌തത തിരശീലയിൽ യാഥാർഥ്യം ആക്കിയ സംവിധായകനാണ് കെജി ജോർജ്. ആ സിനിമകളിൽ ഒന്നും സൂപ്പർ താരങ്ങളില്ല. കഥാപാത്രങ്ങൾ മാത്രം. സംവിധായകന്‍ ആയിരുന്നു യഥാർഥ നായകൻ. മലയാള സിനിമയല്ല, തെന്നിന്ത്യൻ ചലച്ചിത്ര ലോകം കണ്ട ഏറ്റവും മികച്ച സംവിധായകനാണ് കെജി ജോർജ് . അദ്ദേഹത്തിന്‍റെ സൃഷ്‌ടികൾ എക്കാലവും ഒരു പാഠശാലയായി നിലനിൽക്കും.' -വിഡി സതീശന്‍ കുറിച്ചു.